മുംബൈ: ഓണ്‍ലൈന്‍ ഗെയിമിംഗും സോഷ്യല്‍ മീഡിയ ടാസ്‌കുകളും മറയാക്കി ഇന്ത്യന്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ശൃംഖല നടത്തിയ വന്‍ ഗൂഢാലോചന മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) തകര്‍ത്തു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലഹരി-ആയുധ മാഫിയ തലവന്‍ ഷഹ്സാദ് ഭട്ടിയും, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി മുസ്തഫ ജിന്‍ഗഡയും നേതൃത്വം നല്‍കുന്ന അന്തര്‍ദേശീയ ശൃംഖലയാണ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കുടുങ്ങിയത്.
മുംബൈ, പൂനെ, താനെ, രത്‌നഗിരി എന്നിവ ഉള്‍പ്പെടെ മഹാരാഷ്‌ട്രയിലെ 300-ലധികം കേന്ദ്രങ്ങളില്‍ എടിഎസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പാക് ഭീകരരുമായി ഓണ്‍ലൈന്‍ ബന്ധം പുലര്‍ത്തിയിരുന്ന 200-ലേറെ യുവാക്കളെ കണ്ടെത്തി. ഇവരില്‍ പലരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയതായാണ് വിവരം. അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഇന്ത്യന്‍ ഭരണകൂടത്തോടും സുരക്ഷാ സംവിധാനങ്ങളോടും അതൃപ്തിയുള്ള യുവാക്കളെയാണ് പാക് ഹാന്‍ഡ്ലര്‍മാര്‍ ആദ്യം ലക്ഷ്യമിട്ടത്.
ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമുകളിലെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും ചാറ്റ് റൂമുകള്‍ വഴിയാണ് ഇവരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുക, പോലീസ് വിന്യാസത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുക, സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക തുടങ്ങിയ ചെറിയ ജോലികളാണ് നല്‍കിയത്. ഈ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ഹവാല ചാനലുകളിലൂടെയും വന്‍തുക പ്രതിഫലമായി നല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
പിന്നീട് പണത്തിന്റെ പ്രലോഭനത്തിലും തീവ്രചിന്താഗതിയിലും അകപ്പെടുന്ന യുവാക്കളെ ആയുധക്കടത്ത്, സ്‌ഫോടന ഗൂഢാലോചന, നിര്‍ണായക കേന്ദ്രങ്ങളിലെ ആക്രമണങ്ങള്‍ എന്നിവയ്‌ക്കായി ഉപയോഗിക്കുകയായിരുന്നു ശൃംഖലയുടെ ലക്ഷ്യം. മുംബൈയിലെ തിരക്കേറിയ മേഖലകളിലും തന്ത്രപ്രധാന സുരക്ഷാ കേന്ദ്രങ്ങളിലുമടക്കം വലിയ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഈ സ്ലീപ്പര്‍ സെല്ലുകളുടെ പദ്ധതി. ഹരിയാനയിലെ അംബാല പോലീസ് സ്റ്റേഷന്‍ സമീപത്തെ കാര്‍ ബോംബ് സ്‌ഫോടനശ്രമത്തിനും ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട ആക്രമണ ഗൂഢാലോചനകള്‍ക്കും ഇതേ ഷഹ്സാദ് ഭട്ടി ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ നടന്ന കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പിന്നാലെ നഗരത്തില്‍ കലാപവും സ്‌ഫോടനങ്ങളും സൃഷ്ടിക്കാനും ഈ ശൃംഖല പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും നിന്ന് പാകിസ്ഥാനിലേക്കും ദുബായിലേക്കും അയച്ച എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു.
പഞ്ചാബ് അതിര്‍ത്തിയിലൂടെ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതിനും രാജ്യത്തെ പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഇന്ത്യയിലെ അംഗങ്ങളെ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
നിലവില്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിംഗ് നല്‍കിവരികയാണെന്ന് എടിഎസ് അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അപരിചിതര്‍ നല്‍കുന്ന പണവാഗ്ദാനങ്ങളിലും സംശയാസ്പദമായ ടാസ്‌കുകളിലും വീഴാതിരിക്കാന്‍ യുവാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.