ചെന്നൈ: ലോക ചാമ്പ്യന്‍ ഡി. ഗുകേഷിന് ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് 2026 ചെസ് ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത തിരിച്ചടി. ഫ്രാന്‍സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അലിറേസ ഫിറൂസ്ജയോടാണ് രണ്ടാം റൗണ്ടില്‍ ഗുകേഷ് പരാജയപ്പെട്ടത്. ഉദ്ഘാടന റൗണ്ടില്‍ എം. പ്രണേഷിനെ തോല്‍പ്പിച്ച ഫിറൂസ്ജ, ഗുകേഷിനെതിരെയും വിജയം നേടി ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
വെസ്റ്റിന്‍ ചെന്നൈ വെളാച്ചേരിയില്‍ നടന്ന മത്സരത്തില്‍ ജനറല്‍ മാനേജര്‍ ദീപ്രാജ് മുഖര്‍ജി ആദ്യ നീക്കം നിര്‍വഹിച്ചു. വെള്ളക്കരുക്കളുമായി കളം ഇറങ്ങിയ ഫിറൂസ്ജ റൂയി ലോപ്പസ് ഓപ്പണിംഗ് സ്വീകരിച്ചപ്പോള്‍, ഗുകേഷ് തുടക്കത്തില്‍ മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. നൈറ്റ് എന്‍ഡ്ഗെയിമിലേക്ക് നീണ്ട മത്സരത്തില്‍ നിര്‍ണായക ഘട്ടത്തില്‍ ഫിറൂസ്ജ കണ്ടെത്തിയ മുന്നേറ്റമാണ് കളിയുടെ ഗതി മാറ്റിയത്. കൃത്യമായ പോണ്‍ ബലി നല്‍കിയ ഫ്രഞ്ച് താരം ആ മുന്‍തൂക്കം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി 69 നീക്കങ്ങള്‍ക്കൊടുവില്‍ വിജയം ഉറപ്പിച്ചു.
ആദ്യ റൗണ്ടില്‍ നേടിയ വിജയത്തിന് പിന്നാലെ ഗുകേഷിന്റെ കുതിപ്പാണ് ഇതോടെ അവസാനിച്ചത്. മറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ എം. പ്രണേഷ് റഷ്യയുടെ ദിമിത്രി ആന്‍ഡ്രൈക്കിനെ സമനിലയില്‍ തളച്ചു. കറുത്ത കരുക്കളുമായി കളിച്ച പ്രണേഷ് വെറും 18 നീക്കങ്ങള്‍ക്കൊടുവില്‍ സമനില ഉറപ്പിക്കുകയായിരുന്നു. മറ്റൊരു ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗൈസിയും ഉസ്ബെക്കിസ്ഥാന്റെ നൊദിര്‍ബെക് അബ്ദുസത്തോറോവിനെതിരെ 43 നീക്കങ്ങള്‍ നീണ്ട പോരാട്ടത്തില്‍ സമനില നേടി.
അമേരിക്കയുടെ ഹാന്‍സ് നീമാനെതിരെ നിഹാല്‍ സരിന്‍ 132 നീക്കങ്ങളും ആറു മണിക്കൂറും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് സമനില പിടിച്ചെടുത്തത്. എട്ട് താരങ്ങള്‍ പങ്കെടുക്കുന്ന ഡബിള്‍ റൗണ്ട് റോബിന്‍ ടൂര്‍ണമെന്റില്‍ 75 ലക്ഷം രൂപയുടെ സമ്മാനത്തുകയും വിലപ്പെട്ട ഫിഡെ സര്‍ക്യൂട്ട് പോയിന്റുകളും സമ്മാനമായി നല്‍കുന്നുണ്ട്. രണ്ട് റൗണ്ടുകള്‍ക്ക് ശേഷം ഫിറൂസ്ജയാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. ഒരു ജയവും ഒരു തോല്‍വിയുമായി ഗുകേഷ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജാവോഖിര്‍ സിന്ദറോവിനെതിരെ ലോക കിരീടം പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുകേഷ്.