ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി മത്സര ചട്ടങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി ബിസിസിഐ. ബൗളിംഗ് നിയമങ്ങള്‍ മുതല്‍ വിക്കറ്റ് കീപ്പിങ്, കോച്ചിങ് സംവിധാനങ്ങള്‍ വരെ ഉള്‍പ്പെടെ നിരവധി പുതിയ ചട്ടങ്ങള്‍ അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ബിസിസിഐ കൈമാറിയിട്ടുണ്ട്.

പുതിയ ചട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മനഃപൂര്‍വം നോ-ബോള്‍ എറിയുന്ന ബൗളര്‍മാര്‍ക്കെതിരായ കടുത്ത നടപടിയാണ്. ഇതുവരെ ഇത്തരം സാഹചര്യങ്ങളില്‍ ആ ഇന്നിങ്സില്‍ മാത്രമായിരുന്നു താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം, മനഃപൂര്‍വം നോ-ബോള്‍ എറിഞ്ഞതായി ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ കണ്ടെത്തിയാല്‍ മത്സരത്തിന്റെ ശേഷിക്കുന്ന എല്ലാ ദിവസങ്ങളിലും താരത്തിന് കളിക്കാനാകില്ല.

ഒരു ദിവസത്തെ കളിയിലെ അവസാന ഓവറുമായി ബന്ധപ്പെട്ട നിയമത്തിലും മാറ്റമുണ്ട്. ഇനി അവസാന ഓവറിനിടെ വിക്കറ്റ് വീണാലും ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷമേ അന്നത്തെ കളി അവസാനിപ്പിക്കൂ. നിലവില്‍ വിക്കറ്റ് വീണതോടെ സ്റ്റംപ്‌സ് പ്രഖ്യാപിക്കുന്ന രീതിയാണ് പിന്തുടരുന്നത്. അതോടൊപ്പം, അവസാന ഇന്നിങ്സില്‍ ഡിക്ലറേഷന്‍ നടത്താനോ ഇന്നിങ്സ് വിട്ടുകൊടുക്കാനോ ഇനി അനുവദിക്കില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ടീമുകള്‍ തന്ത്രപരമായി ഉപയോഗിച്ചിരുന്ന ഈ രീതിക്കും പുതിയ ചട്ടങ്ങളോടെ വിരാമമാകും.

ആഭ്യന്തര ഏകദിന മത്സരങ്ങളില്‍ ഹൈഡ്രേഷന്‍ ബ്രേക്ക് സമയത്ത് മുഖ്യപരിശീലകര്‍ക്ക് മൈതാനത്ത് പ്രവേശിക്കാനും ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്. ഇതുവഴി കളിക്കാര്‍ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശീലകര്‍ക്ക് അവസരമൊരുങ്ങും. വിക്കറ്റ് കീപ്പര്‍മാര്‍ക്കും ആശ്വാസം നല്‍കുന്ന മാറ്റമാണ് മറ്റൊന്ന്. ഇനി ബൗളര്‍ പന്ത് എറിയുന്ന നിമിഷത്തില്‍ മാത്രം കീപ്പറുടെ ഗ്ലൗസുകള്‍ സ്റ്റമ്പിന് പിന്നിലായാല്‍ മതിയാകും. ഇതുവരെ ബൗളര്‍ റണ്‍-അപ്പ് ആരംഭിക്കുന്നതു മുതല്‍ തന്നെ ഗ്ലൗസുകള്‍ സ്റ്റമ്പിന് പിന്നിലായിരിക്കണമെന്നായിരുന്നു ചട്ടം.

ഇത് ലംഘിച്ചാല്‍ നോ-ബോള്‍ വിളിക്കുകയോ സ്റ്റംപിങ് അസാധുവാക്കുകയോ ചെയ്തിരുന്നു. പുതിയ നിയമങ്ങള്‍ ദുലീപ് ട്രോഫിയിലൂടെ പരീക്ഷിച്ചതിന് ശേഷം ആഭ്യന്തര സീസണിലെ മറ്റ് ടൂര്‍ണമെന്റുകളിലും നടപ്പാക്കും. ഇവ ആഭ്യന്തര ക്രിക്കറ്റിലെ മത്സരക്രമത്തിലും തന്ത്രങ്ങളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

Share