പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി:  രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. പേപ്പർ ചോർച്ച തടയാൻ നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

ബിൽ പ്രകാരം, ചോദ്യപേപ്പർ ചോർച്ച കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും. സംഘടിതമായി പേപ്പർ ചോർച്ച നടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ടാണ് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേസുകളുടെ വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പ്രത്യേക വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വർഷങ്ങളോളം നീതി കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപേപ്പർ ചോർച്ചയെ “സാധാരണ വിഷയമല്ല, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വേദനയുമായി ബന്ധപ്പെട്ട വിഷയമാണ്” എന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതായും, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പൂർണമായി തടയാൻ കൂടുതൽ ശക്തമായ നിയമനടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share