ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, വിദ്യാർഥി പ്രതിഷേധങ്ങൾ എന്നിവയെ തുടർന്ന് ദേശീയ പരീക്ഷാ ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണി. വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി.
പരീക്ഷാ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനുമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ക്രമക്കേടുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെ ശക്തമായ നിയമനടപടികളും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
നീറ്റ്, ജെഇഇ, സിയുഇടി ഉൾപ്പെടെ രാജ്യത്തെ പ്രധാന ദേശീയ പ്രവേശന പരീക്ഷകൾ നടത്തുന്ന എൻടിഎ അടുത്തകാലത്തായി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളുടെ പേരിൽ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതോടെയാണ് പരീക്ഷാ നടത്തിപ്പ് സംവിധാനം സമഗ്രമായി പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
പരീക്ഷാ സുരക്ഷ ശക്തമാക്കുന്നതിനായി ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലും ഔട്ട്‌സോഴ്സിംഗ് രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
അതേസമയം, പരീക്ഷാ തട്ടിപ്പുകൾക്കും പേപ്പർ ചോർച്ചയ്‌ക്കുമെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പേപ്പർ ചോർച്ച തടയാൻ ശക്തമായ പുതിയ നിയമം ഉടൻ കൊണ്ടുവരുമെന്ന് ഉറപ്പുനൽകിയിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാനും സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ചോദ്യപേപ്പർ ചോർച്ച നടത്തിയാൽ 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. പുതിയ ഭേദഗതിയോടെ ഇത് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ആക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. സംഘടിത പരീക്ഷാ തട്ടിപ്പുകൾക്ക് 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും ഉൾപ്പെടുന്ന കർശന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയേക്കും.