കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുകൊണ്ടിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ജിയോളജിസ്റ്റും എന്‍എച്ച്പിസി സീനിയര്‍ മാനേജരുമായ മണര്‍കാട് ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പില്‍ അനീഷ് മോഹന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സിക്കിമില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് മൃതദേഹവുമായി ആംബുലന്‍സ് കൊല്‍ക്കത്ത വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈല്‍ യൂണിറ്റ് നോര്‍ക്കയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. അവിടെനിന്ന് വിമാനമാര്‍ഗം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിച്ച ശേഷം ആംബുലന്‍സില്‍ കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കൊച്ചുമറ്റത്തെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം നടക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികള്‍ നോര്‍ക്ക ഏകോപിപ്പിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് തെക്കന്‍ സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന തുരങ്കം തകര്‍ന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അനീഷിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതുവരെ 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അഞ്ച് പേരെ കൂടി കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്പിസി) ഉദ്യോഗസ്ഥരും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പേരാണ് അപകടസമയത്ത് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. എന്‍എച്ച്പിസി സിക്കിം യൂണിറ്റില്‍ സീനിയര്‍ മാനേജറായാണ് അനീഷ് ജോലി ചെയ്തിരുന്നത്.
അപകടവിവരം നാട്ടിലെത്തിയത് അനീഷ് പഠിച്ച കോട്ടയം ഗവണ്‍മെന്റ് കോളേജിലെ ജിയോളജി വിഭാഗം മേധാവിയെ എന്‍എച്ച്പിസി അധികൃതര്‍ ബന്ധപ്പെടുകയും കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പര്‍ തേടുകയും ചെയ്തതോടെയായിരുന്നു. അബുദാബിയിലുള്ള സഹോദരന്‍ ബിനീഷിനെയും അധികൃതര്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഭാര്യ ഡോ. സംഗീതയെയും സഹോദരനെയും ഡല്‍ഹിയില്‍ നിന്ന് സിക്കിമിലേക്ക് എത്തിക്കുകയായിരുന്നു.
2001 മുതല്‍ 2004 വരെ കോട്ടയം ഗവണ്‍മെന്റ് കോളേജില്‍ ജിയോളജിയില്‍ ബിരുദവും 2004 മുതല്‍ 2006 വരെ ബിരുദാനന്തര ബിരുദവും നേടിയ അനീഷ്, 2011-ലാണ് എന്‍എച്ച്പിസിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഹരിയാനയില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഏഴുമാസം മുന്‍പാണ് സിക്കിമിലേക്ക് സ്ഥലംമാറിയത്. ഭാര്യ ഡോ. സംഗീതയും മക്കളായ അര്‍ണവും കാര്‍ത്യായനിയും നിലവില്‍ തൃപ്പൂണിത്തുറയിലാണ് താമസം. മണര്‍കാട്ടെ വീട്ടില്‍ വിരമിച്ച അധ്യാപകരായ അച്ഛന്‍ പി.കെ. മോഹനനും അമ്മ അമ്മിണിക്കുട്ടിയും കഴിയുന്നുണ്ട്.