ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2027 സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള ശ്രമം ശക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ടീമിലെത്തിക്കാന്‍ 10 കോടി പണത്തിനൊപ്പം ശിവം ദുബെയെയും ഡെവാള്‍ഡ് ബ്രെവിസിനെയും ഉള്‍പ്പെടുത്തിയ വമ്പന്‍ ട്രേഡ് ഓഫര്‍ ചെന്നൈ നല്‍കിയതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹാര്‍ദിക്കിനെ കൈമാറാന്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ആവശ്യപ്പെട്ടത് യുവതാരം ആയുഷ് മത്രെയെയും പണവും ഉള്‍പ്പെട്ട പാക്കേജായിരുന്നു. എന്നാല്‍ ഭാവിയിലെ പ്രധാന താരമായി കണക്കാക്കുന്ന മത്രെയെ വിട്ടുനല്‍കാന്‍ ചെന്നൈ തയ്യാറായില്ല. അതിന് പകരമായാണ് ശിവം ദുബെ, ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ്, കൂടാതെ 10 കോടി എന്ന ബദല്‍ ഓഫര്‍ ചെന്നൈ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്‍ 2026 സീസണില്‍ ചുരുങ്ങിയ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചതെങ്കിലും ഏകദേശം 180 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ആയുഷ് മത്രെയെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് മുംബൈ കാണുന്നത്. അതുകൊണ്ടുതന്നെ യുവതാരത്തെ സ്വന്തമാക്കാന്‍ മുംബൈ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഹാര്‍ദിക് പാണ്ഡ്യയെപ്പോലൊരു ഇന്ത്യന്‍ പേസ് ബൗളിംഗ് ഓള്‍റൗണ്ടറും നായകനുമുള്ള താരത്തെ സ്വന്തമാക്കാന്‍ വലിയ വില നല്‍കാന്‍ ചെന്നൈ തയ്യാറാണെന്നാണ് ഈ ഓഫര്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ട്രേഡ് പാക്കേജിന്റെ ആകെ മൂല്യം 20 കോടിയിലേറെയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക് പ്രതീക്ഷിച്ച നിലവാരത്തില്‍ കളിച്ചിരുന്നില്ല. 2026 സീസണില്‍ 206 റണ്‍സും നാല് വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതോടെ നിലവിലെ പ്രകടനത്തേക്കാളുപരി ഭാവി സാധ്യത കണക്കിലെടുത്താണോ ചെന്നൈ ഇത്ര വലിയ ഓഫര്‍ നല്‍കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതുവരെ ഇരു ഫ്രാഞ്ചൈസികളും ട്രേഡിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉള്‍പ്പെടെയുള്ള മറ്റ് ടീമുകളും ഹാര്‍ദിക്കിനായി രംഗത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.















