കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ വലിയ തൊഴിലാളി സഹകരണ സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
മൂന്നര പതിറ്റാണ്ടിലേറെക്കാലം ഊരാളുങ്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച രമേശൻ പാലേരി, ഒരു പ്രാദേശിക സഹകരണ സ്ഥാപനത്തെ അന്താരാഷ്‌ട്ര തലത്തിൽ അംഗീകാരം നേടുന്ന മാതൃകാ പ്രസ്ഥാനമാക്കി മാറ്റുന്നതിന് നേതൃത്വം നൽകി. സഹകരണ മേഖലയിലെ നവീന വികസന പ്രവർത്തനങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും അദ്ദേഹം വലിയ പ്രാധാന്യം നൽകി.
രമേശന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണം, ഐടി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചു.
രമേശൻ പാലേരിയുടെ ഭാര്യ ശോഭയാണ്. മക്കൾ: രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ). മരുമക്കൾ: അരുണിമ (യുഎൽ സൈബർ, തിരുവനന്തപുരം), ശിൽപ്പ (അധ്യാപിക, കരിയാട് എൽ.പി സ്കൂൾ).
സഹോദരങ്ങൾ: മോഹനൻ പാലേരി (രക്ഷാധികാരി, ആത്മവിദ്യാസംഘം കാരക്കാട്), പ്രേമ, ഉഷ, സുധ, രതീശൻ, പരേതയായ ചന്ദ്രി.
രമേശൻ പാലേരിയുടെ ഭൗതികദേഹം ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ടൗൺ ഹാളിലും വൈകിട്ട് 6.30ന് വടകര ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് രാത്രി 8.30ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്തും പൊതുദർശനം നടക്കും.
തൊണ്ടയാട് ഊരാളുങ്കൽ സൈബർ പാർക്കിലും പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അതിന് ശേഷം മൃതദേഹം വടകരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പിലാണ് സംസ്കാരം.