ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: ആര്യാട് ഗുരുപുരം മുര്യൻവെളിയിൽ അഖിൽ (അച്ചു-24) കൊല്ലപ്പെട്ട കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് 7.35ഓടെ ഓച്ചിറയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.

കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർക്ക് പണം അയച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. ഇതിലൂടെയാണ് ഷെൽജാദിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞത്.

കൊലപാതകത്തിന് പിന്നാലെ പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശൂരിലേക്ക് കടന്നു. ഷെൽജാദിന്റെ മൊബൈൽ ഫോൺ കുന്നംകുളത്ത് പ്രവർത്തനക്ഷമമായതായി കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. പിന്നീട് പ്രതികൾ കോഴിക്കോട് ഫറൂക്കിലെത്തിയതായും അവിടെ നിന്ന് കർണാടകയിലേക്ക് കടന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയുമായി ബന്ധമുണ്ടെന്നും ഒളിവിൽ കഴിയാൻ സാമ്പത്തിക സഹായം ലഭിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ബെംഗളൂരു ജിഗാനിയിലെത്തിയ അന്വേഷണസംഘം യുവതിയെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. പ്രതികൾക്ക് യാത്രയ്‌ക്കും ഒളിവിൽ കഴിയുന്നതിനും ആവശ്യമായ പണം യുവതിയാണ് നൽകിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രതികൾ കായംകുളത്ത് അനന്തുവിന്റെ വീടിന് സമീപം ഒളിവിൽ കഴിയുകയായിരുന്നു. യുവതിയിൽ നിന്നും മറ്റ് സഹായികളിൽ നിന്നും കൂടുതൽ പണം വാങ്ങി നേപ്പാളിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ അനന്തു, ജിം സന്തോഷ് വധക്കേസിലെ പ്രതിയായ അലുവ അതുലിന്റെ സംഘാംഗമാണെന്ന് പൊലീസ് വ്യക്തമാക്കി. ആ കേസിൽ അതുലിന് ഒളിവിൽ പോകാൻ സഹായം ചെയ്തതും അനന്തുവാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഒന്നാം പ്രതിയായ ഷെൽജാദ് ലഹരിക്കടത്ത് കേസുകളിൽ മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ദുബായിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. രണ്ട് മാസം മുമ്പ് നെടുമ്പാശേരിയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാൾ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share