12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വടകരയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ താൽക്കാലിക അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത്  ആഡംബര ജീവിതമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (BRC) താൽക്കാലിക അധ്യാപികമാരായി ജോലി ചെയ്തിരുന്ന ഇരുവർക്കും പ്രതിമാസം 12,000 മാത്രമാണ് ശമ്പളമായി ലഭിച്ചിരുന്നത്. എന്നാൽ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തെ തുടർന്ന് ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശമ്പള വരുമാനത്തിന് യാതൊരു വിധത്തിലും യോജിക്കാത്ത സാമ്പത്തിക ഇടപാടുകളും ആഡംബര ജീവിതശൈലിയുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകർഷിച്ചത്. സഹപ്രവർത്തകരിൽ നിന്നും ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്നും കോടികളുടെ മയക്കുമരുന്ന് ഇടപാടുകൾ നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും പണമിടപാടുകൾ ഏകോപിപ്പിച്ചിരുന്നതും ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നിലുള്ള മുഖ്യസൂത്രധാരന്മാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളിലും സൂംബ ഡാൻസ് ക്യാമ്പയിനുകളിലും കീർത്തന സജീവമായി പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവം പുറത്തുവന്നതോടെ ഇത് വലിയ ചർച്ചയ്‌ക്കും വഴിവെച്ചിട്ടുണ്ട്.

ലഹരി ആവശ്യപ്പെടുന്നവർക്ക് ക്യു.ആർ. കോഡ് അയച്ച് പണം സ്വീകരിക്കൽ, ഗൂഗിൾ മാപ്പ് ലൊക്കേഷൻ പങ്കുവെച്ച് എംഡിഎംഎ കൈമാറൽ എന്നിവയാണ് പ്രതികൾ പ്രധാനമായും ഉപയോഗിച്ചിരുന്ന രീതിയെന്ന് പൊലീസ് കണ്ടെത്തി. വടകര സ്വദേശിയായ സഫ്‌വാനിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിനിടെയാണ് അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്. കീർത്തനയുടെയും ലഹരി സംഘത്തിലെ മറ്റുള്ളവരുടെയും അക്കൗണ്ടുകളിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണമെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

സ്കൂളുകളുടെ ഗുണനിലവാരവും അധ്യാപക പരിശീലനവും ഉറപ്പാക്കേണ്ട ചുമതലയിലുണ്ടായിരുന്ന അധ്യാപികമാരെ ലഹരിമാഫിയ ഇടനിലക്കാരായി ഉപയോഗിച്ചിരുന്നോയെന്നും, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നുമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Share