കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റർ (BRC) അധ്യാപികയായ നീഷ്മയാണ് പിടിയിലായത്. ആളവ കുട്ടോത്ത് സ്വദേശിനിയായ നീഷ്മയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതോടെ വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ ബി.ആർ.സി അധ്യാപികമാരായ കീർത്തനയും കാവ്യയും കേസിൽ അറസ്റ്റിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നീഷ്മയുടെ പങ്കും പുറത്തുവന്നത്.

വടകര സ്വദേശിയായ സഫ്‌വാനിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതിനെ തുടർന്ന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിനിടെയാണ് അധ്യാപികമാർ ഉൾപ്പെട്ട ലഹരി ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധന, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, മൊബൈൽ ഫോൺ വിവരങ്ങൾ, സാമ്പത്തിക കൈമാറ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചത്.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, ലഹരി വാങ്ങുന്നവർക്ക് ക്യു.ആർ. കോഡ് അയച്ച് പണം സ്വീകരിക്കൽ, ഗൂഗിൾ മാപ്പ് ലൊക്കേഷൻ പങ്കുവെച്ച് എംഡിഎംഎ കൈമാറൽ തുടങ്ങിയ രീതികളാണ് സംഘം ഉപയോഗിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വൻതോതിൽ പണമിടപാടുകൾ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ കീർത്തനയുടെയും കാവ്യയുടെയും സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ചപ്പോഴാണ് നീഷ്മയുമായുള്ള ബന്ധം വ്യക്തമായത്. നീഷ്മയുടെ പങ്ക് ലഹരി വിതരണത്തിലായിരുന്നോ, സാമ്പത്തിക ഇടപാടുകളിലായിരുന്നോ, അതോ മറ്റേതെങ്കിലും രീതിയിലായിരുന്നോയെന്ന് കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

കേസിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ലഹരി മാഫിയ സംഘത്തെയും സാമ്പത്തിക ശൃംഖലയെയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കൂടുതൽ അധ്യാപകർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

Share