കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്‌ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കണ്ടെത്തി. കുട്ടിക്കൊപ്പം ഓച്ചിറ സ്വദേശിയായ 25-കാരനും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ പൂനെയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ ആശങ്കയിലാഴ്‌ത്തിയ സംഭവം നടന്നത്. കൂട്ടുകാരിയുടെ വീട്ടിൽ പോയി പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞാണ് 12-കാരി കരുമാലൂരിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. വീട്ടിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെയായിരുന്നു കുട്ടി പോയത്. ഒപ്പം അമ്മയുടെ മൊബൈൽ ഫോണും കൈയിൽ കരുതിയിരുന്നു.
എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങി നിമിഷങ്ങൾക്കകം അമ്മയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാസർകോടാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും വിവിധ ജില്ലകളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പൊലീസ് വിഭാഗങ്ങളുമായി ചേർന്ന് തിരച്ചിൽ നടത്തുകയും ചെയ്തു.
സാങ്കേതിക തെളിവുകളും ഫോൺ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ മഹാരാഷ്‌ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ മഹാരാഷ്‌ട്രയിലേക്ക് എത്തിച്ചതിന്റെ സാഹചര്യം, ഇരുവരും എങ്ങനെ അവിടെ എത്തിയെന്നത്, മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. കേരളത്തിലെത്തിച്ച ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.