കൊച്ചി: സസ്‌പെന്‍ഷന്‍ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കനത്ത തിരിച്ചടി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (ക്യാറ്റ്) ഇടക്കാല സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചു. പ്രഥമദൃഷ്ട്യാ സസ്‌പെന്‍ഷന് മതിയായ കാരണങ്ങളുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ട്രിബ്യൂണലിന്റെ നടപടി.
തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അജിത് കുമാര്‍ അടിയന്തര ഹര്‍ജിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ ഡിജിപിമാരെ തീരുമാനിക്കാനിരിക്കെ, തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നത് തടയണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, അജിത് കുമാര്‍ ഒരു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, ഡിജിപി റാങ്കിലേക്ക് ഉയരാന്‍ യോഗ്യനല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി വാദിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെടെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന തരത്തിലുള്ള നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി. നായര്‍ ട്രിബ്യൂണലിനെ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പായതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതായിരുന്നുവെന്നും, ചീഫ് സെക്രട്ടറി ഗവര്‍ണറുടെ പേരില്‍ ഒപ്പുവെച്ച ഉത്തരവ് നിയമപരമല്ലെന്നും അജിത് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണസംഘം അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെ പരിധി ലംഘിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മൂന്ന് മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസ് ഹരിപാല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇടക്കാല സ്റ്റേ ആവശ്യം പൂര്‍ണമായും തള്ളി. പ്രഥമദൃഷ്ട്യാ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നതായും സസ്‌പെന്‍ഷന്‍ നടപടിക്ക് മതിയായ അടിസ്ഥാനമുണ്ടെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കേസില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനായി സമയം അനുവദിച്ച ട്രിബ്യൂണല്‍ ഹര്‍ജി ഓഗസ്റ്റ് 20-ലേക്ക് മാറ്റി. അതുവരെ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരും.
ഇതോടെ പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള മന്ത്രിസഭാ നടപടികള്‍ക്ക് നിയമതടസ്സമുണ്ടാകില്ല. തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഡിജിപി പ്രമോഷന്‍ തടയാനുള്ള അജിത് കുമാറിന്റെ നീക്കവും ട്രിബ്യൂണല്‍ ഉത്തരവോടെ പരാജയപ്പെട്ടു. ഇനി ഓഗസ്റ്റ് 20-ലെ വിശദമായ വാദത്തിന്റെയും അന്തിമ തീരുമാനത്തിന്റെയും ഫലമാണ് കേസില്‍ നിര്‍ണായകമാകുക.