ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത അത്യാധുനിക മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് സൂചന നല്‍കി പ്രമുഖ മിസൈല്‍ ശാസ്ത്രജ്ഞന്‍. ഡിആര്‍ഡിഒയുടെ മിസൈല്‍ ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റംസ് വിഭാഗത്തെ നയിച്ചിരുന്ന ഡോ. യു. രാജാബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മിസൈലിന്റെ പേര്, ദൂരപരിധി, വേഗത, വിക്ഷേപണ പ്ലാറ്റ്‌ഫോം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ഇതോടെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ക്കിടയില്‍ പുതിയ മിസൈലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. മാറിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ മിസൈലായിരിക്കുമിതെന്നാണ് വിലയിരുത്തല്‍.

ആധുനിക യുദ്ധത്തില്‍ ശത്രുലക്ഷ്യങ്ങള്‍ സ്ഥിരമല്ല. ജിപിഎസ് ജാമിങ്, വ്യാജ സിഗ്‌നലുകള്‍, ഡമ്മി ലക്ഷ്യങ്ങള്‍, മൊബൈല്‍ റഡാറുകള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ മിസൈലിന് യാത്രാമധ്യേ തന്നെ പുതിയ വിവരങ്ങള്‍ സ്വീകരിക്കാനും ലക്ഷ്യസ്ഥാനം മാറിയാല്‍ പാത തിരുത്താനും കഴിയേണ്ടതുണ്ട്. വിവിധ സെന്‍സറുകള്‍, ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് യഥാര്‍ഥ ലക്ഷ്യം സ്വയം കണ്ടെത്തി ആക്രമിക്കുന്ന ശേഷിയുള്ള പുതിയ തലമുറ മിസൈലാണ് ഇന്ത്യ വികസിപ്പിക്കുന്നതെന്നാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഈ വര്‍ഷം അവതരിപ്പിക്കാനിടയുള്ളത് ലോംഗ് റേഞ്ച് ആന്റി-ഷിപ്പ് മിസൈല്‍ ആയിരിക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ദീര്‍ഘദൂരത്തില്‍ നിന്ന് സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകളെ കൃത്യമായി ലക്ഷ്യമിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലാണിത്. മാക് 10 വേഗതയും ഏകദേശം 1,500 കിലോമീറ്റര്‍ റേഞ്ചും ഈ മിസൈലിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 മെയ് മാസത്തില്‍ ഇതിന്റെ രണ്ടാംഘട്ട പരീക്ഷണം വിജയകരമായി നടത്തിയിരുന്നു.

ഉപഗ്രഹങ്ങള്‍, സമുദ്രനിരീക്ഷണ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന തത്സമയ വിവരങ്ങള്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകളുടെ സ്ഥാനം കണ്ടെത്തുകയും, മിസൈലിലുള്ള സീക്കര്‍ സംവിധാനം അന്തിമമായി ലക്ഷ്യം സ്ഥിരീകരിച്ച ശേഷമാണ് ആക്രമണം നടത്തുകയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ദിശമാറ്റാനുള്ള കഴിവ്, അതിവേഗം, കുറഞ്ഞ പ്രതികരണ സമയം, ജാമിങ്ങിനെ അതിജീവിക്കുന്ന മാര്‍ഗനിര്‍ദേശ സംവിധാനം എന്നിവയാല്‍ സജ്ജമായ ഈ പുതിയ തലമുറ മിസൈല്‍ ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷി ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ചൈന ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നും പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

Share