കൽപ്പറ്റ: കേരളത്തെ നടുക്കിയ മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. കേസിൽ രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരൻ. എന്നാൽ വിചാരണയ്‌ക്കിടെ അശോകൻ മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതിയും ആദിവാസി ഗോത്ര മഹാസഭാ നേതാവുമായ എം. ഗീതാനന്ദനെതിരെ ചുമത്തിയ ഗൂഢാലോചനാ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെ ഗീതാനന്ദൻ ഉൾപ്പെടെ മറ്റ് പ്രതികളെ കോടതി വെറുതെവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആകെ 53 ഓളം വനവാസികളെയാണ് പ്രതിചേർത്തിരുന്നത്. സിബിഐ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ 23 വർഷത്തോളം നീണ്ടു. ഇതിനിടെ നിരവധി പ്രതികൾ മരണപ്പെട്ടിരുന്നു.
അതേസമയം, മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ അബ്ദുൽസലാം പരിക്കേറ്റു കിടന്ന സംഭവത്തിൽ നാല് പ്രതികൾക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചു. 10,000 രൂപ പിഴ അടയ്‌ക്കാനും കോടതി ഉത്തരവിട്ടു. എം ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർക്കാണ് തടവ്ശിക്ഷ വിധിച്ചിരിക്കുന്നത്.
2003ലെ മുത്തങ്ങ സമരം
2003 ഫെബ്രുവരി 19-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഭൂമി കൈയേറിയ വനവാസികളെ ഒഴിപ്പിക്കുന്നതിനായി പൊലീസ് നടപടി ആരംഭിച്ചത്. ഭൂമിക്കായുള്ള ആദിവാസി ഗോത്ര മഹാസഭയുടെ സമരത്തിനിടെയുണ്ടായ സംഘർഷം രൂക്ഷമായതോടെ സ്ഥിതി നിയന്ത്രണാതീതമായി.
പൊലീസ് നടപടിക്കിടെ വനവാസികൾ നിർമിച്ച കുടിലുകൾ പൊളിക്കുകയും തീകൊളുത്തുകയും ചെയ്തതായി രേഖകളിലുണ്ട്. തുടർന്ന് പൊലീസ് വെടിവയ്പ്പിൽ വനവാസിയായ ജോബി കൊല്ലപ്പെട്ടു. സംഘർഷത്തിനിടെയാണ് പൊലീസുകാരനായ കെ.വി. വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പി.കെ. ശശിധരനെയും ഒരു സംഘം ബന്ദികളാക്കിയത്.
ഗുരുതരമായി ആക്രമിക്കപ്പെട്ട കെ.വി. വിനോദിന് കഴുത്തിലുൾപ്പെടെ മാരകമായി പരിക്കേറ്റിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് വിനോദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പി.കെ. ശശിധരനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭൂമി ആവശ്യപ്പെട്ട് ആരംഭിച്ച സമരം
2001-ൽ എ.കെ. ആന്റണി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഭൂമി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വനവാസികൾ നടത്തിയ സമരത്തിന് ശേഷം ഭൂമി നൽകാമെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാഗ്ദാനം നടപ്പാക്കാത്തതിനെ തുടർന്നാണ് സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭ 2003 ജനുവരിയിൽ മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 19-ന് പൊലീസ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.