തിരുവനന്തപുരം: കാപ്പ കേസിൽ കുടുക്കി ജയിലിടച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച് കോർപ്പറേഷൻ കൗൺസിൽ. ജയിൽ സൂപ്രണ്ട് മുഖേന സമർപ്പിച്ച അപേക്ഷയാണ് കൗൺസിൽ പരിഗണിച്ചത്. നിലവിൽ ജയിലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും, അതിനാൽ മുനിസിപ്പാലിറ്റി നിയമപ്രകാരം ആറുമാസത്തെ അവധി അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ.
അവധി അപേക്ഷ 51 വോട്ടുകൾക്കാണ് അംഗീകരിച്ചത്. മേയർ വി.വി. രാജേഷിന്റെ വോട്ടും, പൗണ്ട്കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ പിന്തുണയും നിർണായകമായി. ഇതോടെ ആറുമാസത്തേക്ക് ആർ. സുഗതന് ഔദ്യോഗികമായി അവധി അനുവദിച്ചു. അവധി അപേക്ഷ പരിഗണിക്കുന്നതിനിടെ എൽഡിഎഫും യുഡിഫും ബഹളം വെച്ച് യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു.
പോലീസ് സംരക്ഷണത്തോടെ ഹാജരാകാൻ അനുമതി തേടി
ജയിലിൽ നിന്ന് പൊലീസ് സംരക്ഷണത്തോടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആർ. സുഗതൻ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. തുടർന്ന്, ജയിലിൽ കഴിയുന്ന കാലയളവിൽ കൗൺസിൽ അവധി അനുവദിക്കുന്ന കാര്യം മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കൗൺസിലിന്റെ വോട്ടെടുപ്പിലൂടെ തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അപേക്ഷ കൗൺസിലിൽ അവതരിപ്പിച്ചത്.
‘അവധി നൽകുന്നത് നിയമപ്രകാരം’ – മേയർ
സർക്കാർ ഉത്തരവും ആഭ്യന്തര വകുപ്പിന്റെ നിർദേശവും വായിച്ചുകേൾപ്പിച്ച ശേഷമാണ് മേയർ വി.വി. രാജേഷ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. “ഒരാളെയും അയോഗ്യനാക്കുക എന്നതല്ല കോർപ്പറേഷന്റെ നിലപാട്. അവധി അപേക്ഷ നൽകിയ എല്ലാ അംഗങ്ങൾക്കും മുൻപും അവധി അനുവദിച്ച ചരിത്രമാണ് കോർപ്പറേഷനുള്ളത്. 101 അംഗങ്ങളുടെയും അംഗത്വം സംരക്ഷിക്കാനുള്ള ബാധ്യത ചെയർമാനെന്ന നിലയിൽ തനിക്കുണ്ട്” എന്ന് മേയർ വ്യക്തമാക്കി.