അമരാവതി: ആന്ധ്രാപ്രദേശിന്റെ വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഭോഗാപുരത്തെ അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും. വിജയനഗരം ജില്ലയിലെ ഭോഗാപുരത്ത് 4,727 കോടി ചെലവിൽ നിർമ്മിച്ച ഗ്രീൻഫീൽഡ് വിമാനത്താവളം വെറും 31 മാസങ്ങൾക്കുള്ളിലാണ് പൂർത്തിയായത്.
രാവിലെ 11 മണിയോടെ വിമാനത്താവള ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ വർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിന്റെ ശേഷി ഭാവിയിൽ നാല് കോടി (40 മില്യൺ) യാത്രക്കാരായി ഉയർത്താനാണ് പദ്ധതി. മൂന്ന് ഘട്ടങ്ങളിലായാണ് വിമാനത്താവള വികസനം.
3,800 മീറ്റർ നീളമുള്ള കോഡ് 4ഇ റൺവേ, ആഭ്യന്തര-അന്താരാഷ്‌ട്ര സർവീസുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ആധുനിക യാത്രാ ടെർമിനൽ, കാർഗോ സൗകര്യങ്ങൾ, അത്യാധുനിക എയർസൈഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് വിമാനത്താവളത്തിന്റെ പ്രധാന സവിശേഷതകൾ.
വടക്കൻ ആന്ധ്രയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് നിർണായകമാകുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. അരക്കു കാപ്പി ഉൾപ്പെടെയുള്ള മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾക്കും വിമാനത്താവളം വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. “വടക്കൻ ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്” എന്ന സന്ദേശവുമായി ജനകീയ ബോധവത്കരണ ക്യാമ്പയിനും സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്.