കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഓണം അടുത്തെത്തുമ്പോള്‍ സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ വന്‍ വിലക്കയറ്റം. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വില കിലോയ്‌ക്ക് 200 രൂപ കടന്നതോടെ സാധാരണക്കാരുടെ ഓണബജറ്റ് താളം തെറ്റുകയാണ്. പച്ചക്കറികള്‍ക്കൊപ്പം അരിവിലയും കുത്തനെ ഉയര്‍ന്നതോടെ ഉത്സവകാല ചെലവ് ഇരട്ടിയാകുമെന്ന ആശങ്കയിലാണ് കുടുംബങ്ങള്‍.

രണ്ടാഴ്ച മുമ്പ് കിലോയ്‌ക്ക് 35 രൂപ ലഭ്യമായിരുന്ന കാരറ്റിന് ഇപ്പോള്‍ 80 രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. 70 മുതല്‍ 100 രൂപ വരെയായിരുന്ന ഇഞ്ചി കിലോയ്‌ക്ക് 200 രൂപ പിന്നിട്ടു. വെളുത്തുള്ളിയുടെ ചില്ലറവിലയും 200 രൂപയ്‌ക്ക് മുകളിലെത്തി. ചെറിയ ഉള്ളിക്ക് 90 മുതല്‍ 110 രൂപ വരെയും ബീറ്റ്റൂട്ടിന് 65 മുതല്‍ 80 രൂപ വരെയും വില ഉയര്‍ന്നു. ബീന്‍സ്, അമരപ്പയര്‍, മുരിങ്ങക്കായ് തുടങ്ങിയവയും 80 രൂപയ്‌ക്ക് മുകളിലാണ് വില്‍പ്പന.

അതേസമയം, തക്കാളി വിലയില്‍ മാത്രമാണ് നേരിയ ആശ്വാസം. കിലോയ്‌ക്ക് 60 രൂപയിലുണ്ടായിരുന്ന തക്കാളി ഇപ്പോള്‍ 25 രൂപയോളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓണം അടുത്തതോടെ തക്കാളി ഉള്‍പ്പെടെ പച്ചക്കറികളുടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റത്തിന് പിന്നില്‍ മഴക്കുറവും ഗതാഗതച്ചെലവ് വര്‍ധിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വര്‍ധിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് എത്തിക്കുന്നതിലെ അധിക ചെലവും വില വര്‍ധനയ്‌ക്ക് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

പച്ചക്കറികള്‍ക്കൊപ്പം അരിവിലയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കിലോയ്‌ക്ക് 10 രൂപ വരെ വര്‍ധന രേഖപ്പെടുത്തിയതായി വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്ത് ഉപയോഗിക്കുന്ന അരിയുടെ വലിയൊരു പങ്കും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഓണം അടുക്കുംതോറും വില ഇനിയും ഉയരാനിടയുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Share