അമൃത്സർ: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പെട്രോൾ ബോംബ് ആക്രമണം നടത്തി അട്ടിമറി സൃഷ്ടിക്കാനുള്ള പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഗൂഢാലോചന പഞ്ചാബ് പൊലീസ് തകർത്തു. രണ്ട് ഐഎസ്ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകൾ തകർത്ത പൊലീസ്, നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മൂന്ന് അനധികൃത പിസ്റ്റളുകൾ, ഒമ്പത് വെടിയുണ്ടകൾ, നാല് പെട്രോൾ ബോംബുകൾ എന്നിവ പിടിച്ചെടുത്തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
അമൃത്സറിലെ രാജാസാൻസി മേഖലയിൽ നിന്നാണ് ആദ്യ ഭീകര മൊഡ്യൂൾ പിടിയിലായത്. സുഖ്മൻ സിങ് എന്ന യുവാവും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ട സംഘത്തിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ ആക്രമണം നടത്താനായിരുന്നു നിർദേശം ലഭിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ, പാകിസ്താനിലുള്ള ഐഎസ്ഐ ഹാൻഡ്ലറുമായി താൻ നേരിട്ട് ബന്ധത്തിലായിരുന്നുവെന്നും ജന്തർ മന്തറിൽ ആക്രമണം നടത്താൻ നിർദേശം ലഭിച്ചതായും സുഖ്മൻ സിങ് സമ്മതിച്ചു.
തുടർന്ന് ഇയാളും സംഘവും ഡൽഹിയിലെത്തിയെങ്കിലും കനത്ത സുരക്ഷാ വിന്യാസം കാരണം ആക്രമണം നടത്താൻ സാധിച്ചില്ല. ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈമാറേണ്ടതായിരുന്നുവെങ്കിലും സുരക്ഷ ശക്തമായതോടെ പദ്ധതി ഉപേക്ഷിച്ച് സംഘം പഞ്ചാബിലേക്ക് മടങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പാകിസ്താനിൽ കഴിയുന്ന ഗുണ്ടയും ഭീകരപ്രവർത്തകനുമായ ഷഹ്സാദ് ഭട്ടിയാണ് ഈ മൊഡ്യൂളിന് പിന്നിലെ പ്രധാന സൂത്രധാരനെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇയാളുടെ ശൃംഖലയുമായി ബന്ധപ്പെട്ട് ഒന്നിലധികം വാട്സ്ആപ്പ് നമ്പറുകളിലൂടെ പ്രതികൾ ആശയവിനിമയം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
ഇതിനിടെ, റെയിൽവേ പാളങ്ങൾക്ക് സമീപം കണ്ടെത്തിയ സംശയാസ്പദമായ സിസിടിവി ക്യാമറകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് രണ്ടാമത്തെ ഭീകര മൊഡ്യൂളും പിടിയിലായത്. ഈ ക്യാമറകളിൽ പകർത്തിയ ദൃശ്യങ്ങൾ വിദേശത്തുള്ള ഐഎസ്ഐ ഹാൻഡ്ലർമാർക്ക് കൈമാറിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായവരിൽ വംശ് കുമാർ (19), അന്മോൾ സിങ് അഥവാ സാഹിൽ (20), ഹർമൻ സിങ് അഥവാ ഹമ്മു (24), സുഖ്ദേവ് സിങ് (30), സുഖ്മൻ സിങ് (19) എന്നിവരും നാല് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് പിസ്റ്റളും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.