ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക പിഴവിനെ തുടർന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ (MeitY) വൃത്തങ്ങൾ അറിയിച്ചു.
കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം (CSAM), ഡീപ്‌ഫേക്ക് വീഡിയോകൾ, പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിലെ പിഴവുകൾ, ആൽഗോരിതമിക് ബയസ് തുടങ്ങിയ വിഷയങ്ങളിലും മെറ്റ ഖേദം പ്രകടിപ്പിച്ചു . ചില തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് പണം നൽകി പ്രചാരണം ലഭിച്ചിരുന്നുവെന്നും മെറ്റ സമ്മതിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കാപ്ലാനും സംഘവും MeitY സെക്രട്ടറി എസ്. കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ് സക്കർബർഗിന്റെ ഖേദപ്രകടനം ഉണ്ടായത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ ഉൾപ്പെടുന്ന മെറ്റ പ്ലാറ്റ്ഫോമുകൾ സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾക്ക് മുൻഗണന നൽകുന്നതായും, സമീപകാല വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ ഏകപക്ഷീയമായ ഉള്ളടക്കം വ്യാപകമായി പ്രചരിപ്പിച്ചതായും കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിക്കുന്നതും സർക്കാർ ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നാണ്. “rape video”, “child video” തുടങ്ങിയ പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് തിരിച്ചുവിടുന്നതായി കണ്ടെത്തിയിരുന്നു. അവിടെ കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ വിറ്റഴിക്കുന്നുവെന്ന ഗുരുതര ആരോപണവും നിലവിലുണ്ട്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ നടപടികളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതാണ് വിവാദത്തിന് തുടക്കമായത്. സാങ്കേതിക തകരാറാണ് കാരണമെന്നും പോസ്റ്റ് പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വിശദീകരിച്ചെങ്കിലും, ഈ വിശദീകരണം “പര്യാപ്തമല്ല” എന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തിയത്.
തുടർന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓൺ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും വിഷയത്തിൽ വിശദീകരണം തേടുകയും ചെയ്തു. ഐടി നിയമപ്രകാരമുള്ള “സേഫ് ഹാർബർ” സംരക്ഷണം മെറ്റയ്‌ക്ക് ബാധകമാണോയെന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.