പത്തനംതിട്ട: 2018-ലെ ദേവപ്രശ്നത്തിൽ കണ്ടെത്തിയ ദോഷങ്ങൾ പരിഹരിക്കുന്നതിനായുള്ള പ്രായശ്ചിത്ത ക്രിയകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടക്കമിട്ടു. ആദ്യഘട്ടമായി കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജകൾ നടന്നത്.
കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വാക്‌ദോഷം മാറുന്നതിനുള്ള പ്രത്യേക പൂജകൾ നടത്തി. ചടങ്ങിന്റെ ഭാഗമായി മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ചാണ് പൂജകൾ നിർവഹിച്ചത്.
2018-ൽ നടന്ന ദേവപ്രശ്നത്തിൽ നിർദേശിക്കപ്പെട്ട പരിഹാരങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി. എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകൾ പുരോഗമിക്കുന്നത്.
വരും ദിവസങ്ങളിൽ കൊല്ലൂരിൽ മഹാപൂജയും, കാസർകോട്ടെ കുമാരമംഗലം ക്ഷേത്രത്തിൽ രംഗപൂജയും നടക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി 25 ക്ഷേത്രങ്ങളിൽ ഘട്ടംഘട്ടമായി പ്രായശ്ചിത്ത പൂജകൾ നടത്താനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
പ്രായശ്ചിത്ത പൂജകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ദേവപ്രശ്നത്തിൽ നിർദേശിച്ച പരിഹാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പൂജകൾ സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.