ലക്നൗ: ഉത്തർപ്രദേശ് നിയമസഭയിലെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)യുടെ ഏക എംഎൽഎയായിരുന്ന ഉമാ ശങ്കർ സിംഗ് (55) അന്തരിച്ചു. ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടാണ് അന്ത്യം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ റസ്ര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു.
ബിഎസ്പി അധ്യക്ഷ മായാവതി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി. ഉമാ ശങ്കർ സിംഗ് സമർപ്പിതനും സത്യസന്ധനും പാർട്ടിയോട് പൂർണ വിശ്വസ്തത പുലർത്തിയ നേതാവുമായിരുന്നുവെന്ന് അവർ പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉമാ ശങ്കർ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇത് അത്യന്തം വേദനാജനകമായ വാർത്തയാണെന്ന് യോഗി പറഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
403 അംഗങ്ങളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ ബിഎസ്പിയുടെ ഏക എംഎൽഎയായിരുന്നു. 2012-ൽ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം, തുടർന്ന് 2017-ലും 2022-ലും തുടർച്ചയായി വിജയിച്ച് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.