കൊച്ചി: ട്വന്റി-20 ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളായ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കേരളത്തിലേക്ക്. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിന് മുന്നോടിയായി ഓഗസ്റ്റ് 17-ന് ഗെയ്ല്‍ കേരളത്തിലെത്തുമെന്നാണ് വിവരം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമ എന്ന നിലയിലാണ് ഗെയ്‌ലിന്റെ വരവ്. എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കേരള ക്രിക്കറ്റിന് പുതിയ ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ലീഗിലെ മത്സരങ്ങള്‍ കാണുന്നതിനൊപ്പം കേരളത്തിലെ യുവതാരങ്ങളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പദ്ധതികളിലും ഗെയ്ല്‍ സജീവമായി പങ്കാളിയാകും. ഗ്രാസ് റൂട്ട് തലത്തില്‍ പരിശീലന ക്യാമ്പുകളും ടാലന്റ് ഡെവലപ്മെന്റ് പദ്ധതികളും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് അധികൃതര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ക്രിസ് ഗെയ്‌ലിനെ കേരളത്തിലേക്ക് എത്തിച്ചതിന് പിന്നില്‍ ബ്ലൂ ടൈഗേഴ്‌സിന്റെ ഉടമ സുഭാഷ് മാനുവല്‍ നടത്തിയ ദീര്‍ഘകാല ശ്രമങ്ങളാണ്. ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ സാധ്യതകളും ബ്ലൂ ടൈഗേഴ്‌സ് പദ്ധതികളും സുഭാഷ് ഗെയ്‌ലിന് വിശദീകരിച്ചു. ടീമിന്റെ താരമായ സഞ്ജു സാംസണിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തുടക്കത്തില്‍ ആലോചിക്കാമെന്ന നിലപാടിലായിരുന്ന ഗെയ്ല്‍, പിന്നീട് ആവേശപൂര്‍വം സമ്മതിക്കുകയായിരുന്നുവെന്ന് സുഭാഷ് പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പിയെയും പ്രഖ്യാപിച്ചതും ക്രിസ് ഗെയ്‌ലാണ്. ഇതിനൊപ്പം ‘Once a Blue Tigers, Always a Blue Tigers’ എന്ന പുതിയ ടീം മുദ്രാവാക്യവും ഗെയ്ല്‍ പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നേരിട്ട് കാണാന്‍ എത്തുമെന്ന് ഗെയ്ല്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസണിന്റെയും ബേസില്‍ തമ്പിയുടെയും നേതൃത്വത്തില്‍ ഇത്തവണയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കിരീടം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ് ഗെയ്‌ലിന്റെ വരവ് കേരള ക്രിക്കറ്റ് ലീഗിന്റെ ജനപ്രീതിയും ആരാധക പങ്കാളിത്തവും ഗണ്യമായി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും ക്രിക്കറ്റ് ആരാധകരും.















