കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബാറ്റിക് എയര്‍ വിമാനത്തില്‍ യാത്രയ്‌ക്കിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ജംഷീറിനെ വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉടന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബാറ്റിക് എയര്‍ വിമാനം OD231ലാണ് സംഭവം. രാത്രി 9.30 മുതല്‍ 11.05 വരെയുള്ള സമയത്ത് വിമാനം ആകാശയാത്രയിലായിരിക്കെ ജംഷീര്‍ എമര്‍ജന്‍സി എക്‌സിറ്റ് വാതിലിന്റെ അകത്തെ ജനല്‍പാളി തകര്‍ക്കുകയും വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

യാത്രക്കാരെയും ക്യാബിന്‍ ക്രൂ അംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മറ്റ് യാത്രക്കാരും വിമാന ജീവനക്കാരും ചേര്‍ന്ന് ഇയാളെ സമയോചിതമായി കീഴ്പ്പെടുത്തുകയും നിയന്ത്രണത്തിലാക്കുകയും ചെയ്തതോടെയാണ് വലിയ അപകടം ഒഴിവായത്. ബാറ്റിക് എയറിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ജംഷീറിനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 351(3) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 11A (വിമാന സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കല്‍), കേരള പൊലീസ് ആക്ട് സെക്ഷന്‍ 118(e) (പൊതുസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന പ്രവൃത്തി) എന്നിവ പ്രകാരം കേസെടുത്തു. ഇന്ത്യയുമായി ബന്ധപ്പെട്ട വിമാനയാത്രയില്‍ രണ്ടുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഗുരുതര സംഭവമാണിത്.

ചൊവ്വാഴ്ച ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ AI2379 വിമാനത്തിന് യാത്രയ്‌ക്കിടെ പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടിരുന്നു. 137 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തിലെ സംഭവത്തില്‍ 13 യാത്രക്കാരും നാല് ജീവനക്കാരും ചികിത്സ തേടേണ്ടിവന്നു. വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ഇറക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

Share