ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 5.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന് മുമ്പും ശേഷവും നിരവധി ചെറിയ തുടർചലനങ്ങളും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പ്രധാന ഭൂചലനത്തിന് മുൻപായി പുലർച്ചെ 3.40-ന് 2.8 തീവ്രതയിലും, 3.55-ന് 3.2 തീവ്രതയിലും, 4.34-ന് വീണ്ടും 2.8 തീവ്രതയിലും നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പുലർച്ചെ 5.45-ഓടെയാണ് 5.1 തീവ്രതയുള്ള പ്രധാന ഭൂകമ്പം ഉണ്ടായത്.
പ്രധാന ഭൂചലനത്തിന് പിന്നാലെ രാവിലെ 7.17-ന് റിക്ടർ സ്കെയിലിൽ 3.5 തീവ്രതയുള്ള മറ്റൊരു ഭൂചലനവും രേഖപ്പെടുത്തി. ഇതോടെ ഏതാനും മണിക്കൂറുകൾക്കിടെ അരുണാചൽ പ്രദേശിൽ തുടർച്ചയായി അഞ്ച് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
കിഴക്കൻ ഹിമാലയ മേഖലയ്‌ക്ക് കീഴിലുള്ള സങ്കീർണമായ ഭൗമഫോൾട്ട് സംവിധാനങ്ങളുള്ളതിനാൽ അരുണാചൽ പ്രദേശും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും രാജ്യത്തെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ഭൂചലനത്തിൽ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ ബന്ധപ്പെട്ട അധികൃതർ നിരീക്ഷിച്ചുവരികയാണ്.















