പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണില്‍ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇന്ത്യ-ഇസ്രായേല്‍ ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്തു. നെതന്യാഹുവാണ് പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചു.

വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കാനും പരസ്പര താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകാനും ഇരുപക്ഷവും ധാരണയിലെത്തി. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും അതിന്റെ പ്രത്യാഘാതങ്ങളും ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് വിശദമായ അഭിപ്രായങ്ങള്‍ കൈമാറിയതായും, തുടര്‍ന്നും പരസ്പരം ബന്ധം നിലനിര്‍ത്താന്‍ തീരുമാനിച്ചതായും പി.എം.ഒ അറിയിച്ചു. അഞ്ച് മാസത്തിലേറെയായി പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നുണ്ടെങ്കിലും ഇതുവരെ ശാശ്വതമായ പരിഹാരമൊന്നും ഉണ്ടായിട്ടില്ല.

ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാനുമായി കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞത് പ്രകാരം, ഇരു രാജ്യങ്ങളും കരാറിന്റെ പ്രധാന വ്യവസ്ഥകളില്‍ ധാരണയിലെത്തിയിട്ടുണ്ട്. മൂന്നാം കക്ഷികളുടെ ഇടപെടല്‍ ഇല്ലെങ്കില്‍ സംയുക്ത പ്രസ്താവന ഉടന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.

ലോകത്തെ എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള എണ്ണ-വാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് നടക്കുന്നത്. അതിനാല്‍ മേഖലയിലെ സംഘര്‍ഷം അന്താരാഷ്‌ട്ര ഊര്‍ജവിപണിയെയും കടല്‍ഗതാഗതത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമായി തുടരുകയാണ്.

Share