3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തി അഗ്‌നി-4 മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. അത്യാധുനിക നാവിഗേഷന്‍ സംവിധാനവും ഉയര്‍ന്ന കൃത്യതയുള്ള ലക്ഷ്യഭേദന ശേഷിയും ഉള്‍ക്കൊള്ളുന്ന അഗ്‌നി-4, ഇന്ത്യയുടെ പ്രധാന തന്ത്രപ്രധാന മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

പറക്കുന്നതിനിടെ തടസ്സങ്ങളോ വ്യതിയാനങ്ങളോ ഉണ്ടായാല്‍ അവ സ്വയം തിരിച്ചറിഞ്ഞ് ഗതി തിരുത്താന്‍ കഴിയുന്ന ആധുനിക സംവിധാനമാണ് അഗ്‌നി-4ന്റെ പ്രധാന സവിശേഷത. ഭൂതലത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ഈ ബാലിസ്റ്റിക് മിസൈലിന് ദീര്‍ഘദൂര ലക്ഷ്യങ്ങളെ അതീവ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. അഗ്‌നി-1, അഗ്‌നി-2, അഗ്‌നി-3, പൃഥ്വി തുടങ്ങിയ മിസൈല്‍ സംവിധാനങ്ങള്‍ ഇതിനകം ഇന്ത്യയുടെ പ്രതിരോധ സേനയുടെ ഭാഗമാണ്.

അതിലേക്ക് അഗ്‌നി-4ന്റെ വിജയകരമായ പരീക്ഷണം കൂടി ചേര്‍ന്നതോടെ 3,000 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള ഇന്ത്യയുടെ ശേഷി കൂടുതല്‍ ശക്തിപ്പെട്ടു. ഇന്ത്യയുടെ വിശ്വസനീയമായ ആണവ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ അഗ്‌നി പരമ്പരയിലെ സുപ്രധാന മിസൈലാണ് അഗ്‌നി-4.

Share