ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കി നാസാ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൗത്യം വിജയകരമായി ആരംഭിച്ചു.

നാസാ ബഹിരാകാശ സഞ്ചാരിയായ ജെസിക്ക മേയറിനൊപ്പമാണ് അനില്‍ മേനോന്‍ സ്പേസ് വാക്കിന് ഇറങ്ങിയത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് വൈദ്യുതി നല്‍കുന്ന സോളാര്‍ പാനല്‍ സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ക്വെസ്റ്റ് എയര്‍ലോക്ക് വഴിയാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തേക്ക് എത്തിയത്. അനില്‍ മേനോന്റെയും ജെസിക്ക മേയറിന്റെയും ഹെല്‍മെറ്റ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസയുടെ ഔദ്യോഗിക ലൈവ് സംപ്രേഷണത്തിലൂടെ ലോകമെമ്പാടുമുള്ളവര്‍ക്ക് കാണാനായി  https://www.nasa.gov/live ലഭ്യമാക്കി.

പാലക്കാട് വേരുകളുള്ള അനില്‍ മേനോന്‍ അമേരിക്കന്‍ പൗരനാണ്. മെഡിസിനിലും എന്‍ജിനീയറിംഗിലും ബിരുദധാരിയായ അദ്ദേഹം 2014-ല്‍ ഫ്‌ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. പിന്നീട് സ്പേസ് എക്‌സുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചു. 2021-ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ യു.എസ്. സ്പേസ് ഫോഴ്സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ അനില്‍ മേനോന്‍ ശാസ്ത്ര-സൈനിക മേഖലകളിലെ മികവുകൊണ്ടും ശ്രദ്ധേയനാണ്.

അനില്‍ മേനോന്റെ പിതാവ് ശങ്കരന്‍ മേനോന്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. മാതാവ് എലിസബത്ത് ഉക്രൈന്‍ സ്വദേശിനിയാണ്. അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണെങ്കിലും, മലയാളി വേരുകളുമായി അദ്ദേഹത്തിന്റെ നേട്ടം കേരളത്തിനും അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

Share