തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണരീതിയിൽ സമഗ്ര മാറ്റത്തിന് സർക്കാർ ഒരുങ്ങുന്നു. നിലവിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്ന രീതി അവസാനിപ്പിച്ച്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ തുക നേരിട്ട് ക്രെഡിറ്റ് ചെയ്യുന്ന സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
ധനകാര്യ വകുപ്പ് ഇതിന് തത്വത്തിൽ അംഗീകാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്ന തീയതി പിന്നീട് പ്രത്യേകം പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ മുഖേനയാണ് ഭൂരിഭാഗം ഗുണഭോക്താക്കൾക്കും വീടുകളിൽ നേരിട്ട് പെൻഷൻ എത്തിച്ചിരുന്നത്. പുതിയ പരിഷ്കാരത്തോടെ ഈ രീതി അവസാനിപ്പിക്കാനാണ് തീരുമാനം. അതേസമയം, കിടപ്പുരോഗികൾ ഉൾപ്പെടെ വീടുകളിൽ നേരിട്ട് പെൻഷൻ നൽകാതെ മറ്റ് മാർഗമില്ലാത്ത വിഭാഗങ്ങൾക്ക് മാത്രമായി നേരിട്ടുള്ള വിതരണം തുടരുമെന്നാണ് സൂചന.
പെൻഷൻ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക സമയബന്ധിതമായി സർക്കാരിലേക്ക് തിരിച്ചടയ്‌ക്കുന്നതിലെ കാലതാമസം, ഒരേ വ്യക്തിക്ക് ഒന്നിലധികം തവണ പെൻഷൻ ലഭിക്കുന്ന സാങ്കേതിക പിഴവുകൾ തുടങ്ങിയ പ്രശ്നങ്ങളാണ് പുതിയ പരിഷ്കാരത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇതോടൊപ്പം വീടുകളിലെത്തിച്ച് പെൻഷൻ വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് നൽകേണ്ടി വരുന്നതും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നിർദേശിച്ച ഡിബിടി മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാത്തപക്ഷം ലഭിക്കേണ്ട കേന്ദ്ര ധനസഹായം നഷ്ടപ്പെടാനുള്ള സാധ്യതയും പുതിയ തീരുമാനത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
എന്നിരുന്നാലും, സാങ്കേതിക ക്രമീകരണങ്ങളും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുതുക്കുന്നതു പൂർത്തിയാകുന്നതുവരെ നിലവിലെ വിതരണരീതി തുടരുമെന്നാണ് വിവരം. അതിനാൽ താൽക്കാലികമായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമുള്ള വിതരണം ഒരുമിച്ച് തുടരാനാണ് സാധ്യത.















