മുംബൈ: നാസിക്ക് ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസിൽ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പാർട്ടി നേതാവ് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കൗൺസിലറായ മതിൻ പട്ടേലാണ് പിടിയിലായത്. കേസിൽ പലതവണ കോടതി സമൻസ് ലഭിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്.
മതിൻ പട്ടേലാണ് കേസിലെ മുഖ്യ പ്രതിയായ മുൻ ജീവനക്കാരി നിദ ഖാന് ഒളിത്താവളം ഒരുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോടതി സമൻസ് തുടർച്ചയായി അവഗണിച്ചതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി നാസിക്കിലേക്ക് കൊണ്ടുപോയി. അറസ്റ്റിന് പിന്നാലെ മതിൻ പട്ടേലിന്റെ വീടിനും ഓഫീസിനുമെതിരെ അധികൃതർ ബുൾഡോസർ നടപടിയും ആരംഭിച്ചു.
ടിസിഎസിന്റെ നാസിക് യൂണിറ്റിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളാണ് കോർപ്പറേറ്റ് ജിഹാദിന് ഇരയായത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് ഇവർ ലക്ഷ്യമിട്ടത്. കേസിന് പിന്നാലെ ടിസിഎസ് നിദ ഖാനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഏകദേശം 25 ദിവസത്തെ ഒളിവിന് ശേഷം മേയ് 7ന് ഛത്രപതി സംഭാജിനഗറിലെ വാടക ഫ്ലാറ്റിൽ നിന്നാണ് നിദ ഖാനെ അറസ്റ്റ് ചെയ്തത്.
2022ൽ സഹപ്രവർത്തകനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായി ഒരു വനിതാ ജീവനക്കാരി പരാതി നൽകിയതോടെയാണ് കേസ് പുറത്തുവന്നത്. ഡാനിഷിന്റെ സഹോദരിയായ നിദ ഖാൻ പരാതിക്കാരിയെ മതം മാറാൻ സമ്മർദം ചെലുത്തുകയും അവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അന്വേഷണത്തിൽ, പരാതിക്കാരിക്ക് ബുർഖയും മതഗ്രന്ഥങ്ങളും നൽകുകയും, ഇസ്ലാമുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകുകയും, നമസ്കാരം പഠിപ്പിക്കുകയും ഹിജാബ് ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. മതപരിവർത്തനശ്രമം, ലൈംഗിക ചൂഷണം, മതവികാരം വ്രണപ്പെടുത്തൽ, മാനസിക പീഡനം എന്നിവ ഉൾപ്പെടെ ഒമ്പത് കേസുകളാണ് ടിസിഎസ് യൂണിറ്റുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നത്.
ഗർഭിണിയാണെന്ന കാരണത്താൽ നിദ ഖാന് കഴിഞ്ഞ മാസം നാസിക്കിലെ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ടിസിഎസ് കേസിൽ ഉൾപ്പെട്ട ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും, നിർബന്ധിത മതപരിവർത്തനത്തിനും ഏതുതരത്തിലുള്ള പീഡനത്തിനുമെതിരെ സ്ഥാപനത്തിന് ‘സീറോ ടോളറൻസ്’ നയമാണുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.















