ബാങ്കോക്ക്: തായ്‌ലൻഡിലെ നോന്തബുരി പ്രവിശ്യയിൽ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ വിദ്യാർഥി സ്വയം വെടിവച്ച് ജീവനൊടുക്കുകയും ചെയ്തു.
ഡെബ്സിരിൻ നോന്തബുരി സ്കൂളിലാണ് നടക്കുന്ന സംഭവമുണ്ടായത്. സ്കൂളിലേക്ക് തോക്ക് ഒളിപ്പിച്ച് കൊണ്ടുവന്ന വിദ്യാർഥി യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
“ആദ്യം വെടിയൊച്ചയാണെന്ന് മനസ്സിലായില്ല. സ്കൂൾ വളപ്പിൽ ആരോ പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. തുടർച്ചയായി ശബ്ദം കേട്ടപ്പോഴാണ് അപകടമാണെന്ന് തിരിച്ചറിഞ്ഞത്,” സംഭവസമയത്ത് സ്കൂൾ പരിസരത്തുണ്ടായിരുന്ന ഒരാൾ പറഞ്ഞു. സംഭവത്തിന് ശേഷം സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വിദ്യാർഥിയെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആക്രമണത്തിന് ശേഷം കുട്ടി അവിടെ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിദ്യാർഥിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോന്തബുരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഡെബ്സിരിൻ നോന്തബുരി സ്കൂൾ. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ഇവിടെ ഏകദേശം 3,100 വിദ്യാർഥികളും 147 അധ്യാപകരുമുണ്ട്.