കറാച്ചി: വിസ അപേക്ഷയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഹംസ നാസറിനെതിരെ കടുത്ത നടപടിയുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് വര്‍ഷത്തേക്ക് എല്ലാ തരത്തിലുള്ള ക്രിക്കറ്റില്‍ നിന്നും താരത്തെ വിലക്കിയതോടൊപ്പം ഒരു മില്യണ്‍ പാകിസ്താനി രൂപ പിഴയും ബോര്‍ഡ് ചുമത്തി. പാകിസ്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്ന ഹംസ നാസര്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളായിരുന്നു. എന്നാല്‍ വിസ നടപടികളുമായി ബന്ധപ്പെട്ട വിവാദം താരത്തിന്റെ കരിയറിന് വലിയ തിരിച്ചടിയായി.
വിസ അപേക്ഷയില്‍ നല്‍കിയ വിവരങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പിസിബി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ ആവശ്യപ്പെട്ട പ്രധാന രേഖകള്‍ ഹംസ സമര്‍പ്പിച്ചില്ലെന്നും നല്‍കിയ ചില രേഖകള്‍ അപൂര്‍ണവും വിശ്വാസ്യതയില്ലാത്തതുമാണെന്നും അന്വേഷണ സമിതി കണ്ടെത്തി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ പിസിബി നിയോഗിച്ചിരുന്നു. ഹംസയ്‌ക്ക് സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയ ശേഷമാണ് സമിതി തെളിവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തെ വിലക്കും സാമ്പത്തിക പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടി സ്വീകരിച്ചത്.
പുതിയ ഉത്തരവ് പ്രകാരം അടുത്ത രണ്ട് വര്‍ഷത്തേക്ക് ഹംസ നാസറിന് ആഭ്യന്തര ക്രിക്കറ്റിലോ അന്താരാഷ്‌ട്ര ക്രിക്കറ്റിലോ പങ്കെടുക്കാനാവില്ല. സംഭവത്തില്‍ പ്രതികരിച്ച പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ‘ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല. പാകിസ്താന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യതയും പ്രതിച്ഛായയും തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ നിലപാടാണ് ബോര്‍ഡിന്’ എന്ന് വ്യക്തമാക്കി.