ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

തൊടുപുഴ: ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പ്രധാന കണ്ണിയെയും, ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനെയും മകനെയും ഉള്‍പ്പെടെ ആറുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയില്‍ റോബിന്‍ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുങ്കണ്ടം എക്‌സൈസ് സംഘം പിടികൂടിയത്. ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഇയാള്‍ രണ്ട് മാസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. ബിഹാറില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റോബിനില്‍ നിന്ന് കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തന്‍പറമ്പില്‍ ബിജുവിനെയും മകന്‍ അലനെയും 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് എക്‌സൈസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ബിഹാറില്‍ നിന്ന് കഞ്ചാവ് എത്തിച്ചിരുന്ന റോബിന്‍ റെജിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് രാജാക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൈത്തുങ്കല്‍ ഷാന്‍, കണ്ടത്തില്‍ ഷെബിന്‍, കയ്യാനിക്കല്‍ സഞ്ജീവ് എന്നിവരെയും ആറ് ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു. കഞ്ചാവ് എത്തിച്ച വഴികളും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Share