ലക്നൗ: അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചെങ്കിലും നിയമമായി പ്രാബല്യത്തില്‍ വന്നിട്ടില്ലാത്ത വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍നിന്ന് ഔദ്യോഗികമായി പിന്‍വലിച്ചു. ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെട്ടിരുന്ന ബില്‍ ഒരു ദശാബ്ദത്തോളം അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു.
2016-ല്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ‘മദ്രസ ശമ്പള ബില്‍’ മദ്രസ ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ ശമ്പള വിതരണത്തില്‍ വീഴ്ചവന്നാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്ന വ്യവസ്ഥയാണ് ബില്ലിനെ വിവാദത്തിലാക്കിയത്.
കൂടാതെ, മദ്രസ ജീവനക്കാര്‍ക്ക് സാധാരണ നിയമപരിശോധനകളില്‍നിന്ന് പ്രത്യേക ഇളവുകള്‍ നല്‍കുന്ന വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വാവകാശത്തിന് വിരുദ്ധമാണെന്ന് അന്നത്തെ ഗവര്‍ണര്‍ രാം നായിക് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി മാറ്റിവെച്ചെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല.
ഭരണഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു ബില്‍ അനിശ്ചിതമായി നിലനിര്‍ത്തുന്നതിന് അര്‍ഥമില്ലെന്ന നിലപാടാണ് യോഗി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം പത്ത് വര്‍ഷമായി കാത്തുകിടന്നിരുന്ന ബില്‍ നിയമസഭയില്‍നിന്ന് ഔദ്യോഗികമായി പിന്‍വലിച്ചത്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്താനുള്ള രാഷ്‌ട്രീയ നീക്കമായിരുന്നു ബില്ലെന്ന് ബിജെപി നേരത്തെ വിമര്‍ശിച്ചിരുന്നു.