അലഹാബാദ്: വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ അസ്വാഭാവികമായി മരിക്കുകയും, സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് തെളിയുകയും ചെയ്താല്‍, മരണത്തില്‍ ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന പ്രത്യേക തെളിവുകള്‍ നിര്‍ബന്ധമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന സന്ദീപ് സിങ് ഹോറയുടെ അപ്പീല്‍ പരിഗണിക്കവെയാണ് ലഖ്‌നൗ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.
അതേസമയം, കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ കോടതി 10 വര്‍ഷത്തെ കഠിനതടവായി കുറച്ചു. ഇതിനോടകം അനുഭവിച്ച തടവുകാലം ശിക്ഷയില്‍ ക്രമീകരിക്കാനും കോടതി ഉത്തരവിട്ടു. ലഖ്‌നൗവിലെ താല്‍ക്കത്തോറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാര്യ അസ്വാഭാവികമായി മരിച്ച കേസിലാണ് 2010ല്‍ വിചാരണക്കോടതി സന്ദീപ് സിങ് ഹോറയ്‌ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍തൃവീട്ടില്‍വെച്ചാണ് യുവതി അസ്വാഭാവികമായി മരിച്ചതെന്നും, സ്ത്രീധന ആവശ്യത്തിന്റെ പേരില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായി വിചാരണയ്‌ക്കിടെ തെളിഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അബ്ദുല്‍ മൊയിന്‍, ജസ്റ്റിസ് പ്രമോദ് കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിക്ക് യുവതിയുടെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന പ്രത്യക്ഷ തെളിവുകളുടെ അഭാവം മാത്രം പ്രോസിക്യൂഷന്‍ കേസിനെ ദുര്‍ബലപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ അസ്വാഭാവിക മരണം സംഭവിക്കുകയും, അതിന് മുമ്പ് സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനം തെളിയുകയും ചെയ്ത സാഹചര്യത്തില്‍ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പ്രതിക്ക് ജീവപര്യന്തം തടവ് നല്‍കേണ്ട അത്യപൂര്‍വ കേസുകളുടെ ഗണത്തില്‍ ഇത് ഉള്‍പ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി.
പ്രതി ഇതിനോടകം ആറുവര്‍ഷവും നാലുമാസത്തിലധികം യഥാര്‍ഥ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ഇളവുകള്‍ ഉള്‍പ്പെടെ ഏഴ് വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി പരിഗണിച്ചു. ജയിലിലെ പെരുമാറ്റം സംബന്ധിച്ച് മോശം റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നതും ശിക്ഷ കുറയ്‌ക്കുന്നതിന് അനുകൂലമായ ഘടകമായി കോടതി കണക്കിലെടുത്തു. തുടര്‍ന്നാണ് ജീവപര്യന്തം തടവ് 10 വര്‍ഷത്തെ കഠിനതടവായി കുറച്ചത്. ഇതിനോടകം അനുഭവിച്ച തടവുകാലം ശിക്ഷയില്‍ ക്രമീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.