വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

Published by
ജനം വെബ്‌ഡെസ്ക്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാൾ   ഇസ്ലാമബാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പാകിസ്താനിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറായ ഖാരി സയീദ് അബ്ദുൽ അസീസാണ് ഇസ്ലാമാബാദിലെ ഖുബാ മസ്ജിദിന്റെ കവാടത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയം.

ഓഗസ്റ്റ് 8 നാണ് സംഭവം. മസ്ജിദിലെത്തുന്നതിന് മുമ്പ് ഖാരി സയീദ് പരിചയമില്ലാത്ത ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന് നിസ്കാരത്തിനായി ഖുബാ മസ്ജിദിലെത്തിയ ഇയാൾ കവാടത്തിൽവെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിച്ചതായാണ് വിവരം.

ലഷ്‌കർ-ഇ-തൊയ്ബയിലെ ഭീകരരുടെ കുടുംബങ്ങൾക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകുന്ന വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് ഖാരി സയീദ് അബ്ദുൽ അസീസ്. ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നു.

കഴിഞ്ഞ ദിവസം ലഷ്‌കറിന്റെ മുതിർന്ന നേതാവ് റിസ്വാൻ ഹനീഫിന്റെ വീഡിയോ പുറത്തു വന്നിരുന്നു.  കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ 30-ഭീകരർ ‘അജ്ഞാതരാൽ’ കൊല്ലപ്പെട്ടെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.

 

Share