ന്യൂഡൽഹി: എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു. യുഎപിഎ കേസിലെ പ്രതിയായ ഉമർ ഖാലിദിന്റെ പുസ്തക ചർച്ചയ്‌ക്ക് നൽകിയ അനുമതി പിൻവലിച്ച് ജവഹർലാൽ നെഹ്റു സർവകലാശാല. ജെഎൻയു വിദ്യാർഥി യൂണിയനാണ് വിഘടനവാദിയുടെ പുസ്തകം ചർച്ച ചെയ്യുന്ന പരിപാടിക്ക് പിന്നിൽ. ഇന്ന് വൈകിട്ട് മൂന്നിന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്-1 ഓഡിറ്റോറിയത്തിൽ പരിപാടി നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
പരിപാടിയുടെ പോസ്റ്റർ പുറത്തുവന്നതോടെ എബിവിപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉമർ ഖാലിദിനെപ്പോലുള്ള ഗുരുതര കേസുകളിൽ പ്രതിയായ വ്യക്തിയുടെ പുസ്തകത്തെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് സർവകലാശാലാ ക്യാമ്പസ് വേദിയാകരുതെന്നായിരുന്നു എബിവിപിയുടെ നിലപാട്.
തുടർച്ചയായ പ്രതിഷേധത്തിനും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും പിന്നാലെയാണ് പരിപാടിയുടെ അനുമതി റദ്ദാക്കിയതെന്ന് എബിവിപി ജെഎൻയു ഘടകം വ്യക്തമാക്കി. പരിപാടി റദ്ദാക്കിയത് വിദ്യാർഥികളുടെ പ്രതിഷേധത്തിന്റെ വിജയമാണെന്നും എബിവിപി പ്രതികരിച്ചു.
‘ക്യാമ്പസ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയാകരുത്’
ഗുരുതരമായ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായും അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ വ്യക്തിയെ പ്രകീർത്തിക്കുന്നതിനുള്ള വേദിയായി സർവകലാശാലാ ഭൂമി മാറാൻ അനുവദിക്കില്ലെന്ന് എബിവിപി ജെഎൻയു പ്രസിഡന്റ് മായങ്ക് പാഞ്ചൽ വ്യക്തമാക്കി.