ജയ്പൂർ: ഭാര്യ അറിയാതെ മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലുകൾ തിന്നുതീർത്തതോടെ രാജസ്ഥാനിലെ കർഷകന് കണ്ണീർ. വീട് നിർമിക്കാനായി കരുതിവെച്ച പണമാണ് ഒരു വർഷത്തോളം മണ്ണിനടിയിൽ കിടന്ന് നശിച്ചത്. ഒടുവിൽ പണം കണ്ടെത്തിയപ്പോഴാകട്ടെ, കർഷകന്റെ കൈയിൽ അവശേഷിച്ചത് ചിതലരിച്ച കറൻസി നോട്ടുകൾ മാത്രം.
രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ പച്ച്പത്ര പ്രദേശത്തെ കർഷകനായ മംഗിലാൽ മേഘ്‌വാളിനാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ വർഷം തന്റെ ഭൂമി അഞ്ച് ലക്ഷം രൂപയ്‌ക്ക് വിറ്റ മംഗിലാൽ, ആ പണം ഉപയോഗിച്ച് കൃഷിഭൂമിയിൽ ഒരു വീട് നിർമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാൽ പണം വീട്ടിൽ സൂക്ഷിച്ചാൽ ഭാര്യ അറിയുമെന്ന ഭയത്തിൽ മംഗിലാൽ മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തത്. ഭാര്യയുടെ അറിവില്ലാതെ അഞ്ച് ലക്ഷം രൂപയും പോളിത്തീൻ ബാഗിലാക്കി കൃഷിയിടത്തിൽ ഒരു കുഴിയെടുത്ത് മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു.
എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയി. മദ്യപാന ശീലമുണ്ടായിരുന്ന മംഗിലാൽ പണം എവിടെയാണ് കുഴിച്ചിട്ടതെന്ന് മറന്നുപോയെന്നാണ് റിപ്പോർട്ട്. കുറച്ചുകാലം കഴിഞ്ഞപ്പോൾ വീട് നിർമിക്കാൻ പണം ആവശ്യമായി വന്നു. അപ്പോഴാണ് മണ്ണിനടിയിൽ ഒളിപ്പിച്ച പണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.
ഏകദേശം ആറ് ഏക്കർ വരുന്ന കൃഷിഭൂമിയിൽ പല ഭാഗങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ ഭാര്യയോടും മകനോടും താൻ പണം മണ്ണിനടിയിൽ കുഴിച്ചിട്ട കാര്യം മംഗിലാൽ വെളിപ്പെടുത്തി. ആദ്യം കുടുംബാംഗങ്ങൾ സംഭവം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അവരും തിരച്ചിലിൽ പങ്കുചേർന്നു.
ഒരു വർഷം കഴിഞ്ഞതോടെ മഴയും എത്തി. കൃഷിക്കായി നിലം ഒരുക്കുന്നതിനിടെ കുടുംബം ട്രാക്ടർ ഉപയോഗിച്ച് ഭൂമി ഉഴുതുമറിക്കുകയായിരുന്നു. അപ്പോഴാണ് മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന പണത്തിന്റെ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
അഞ്ച് ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളാണ് ചിതലരിച്ച് അഴുകിയ നിലയിൽ കണ്ടെത്തിയത്. പണം കണ്ട കുടുംബം ഞെട്ടിപ്പോയി. വീട് നിർമിക്കാനുള്ള സ്വപ്നവുമായി സൂക്ഷിച്ചിരുന്ന പണം ഏതാണ്ട് മുഴുവൻ നശിച്ച അവസ്ഥയിലായിരുന്നു.
നശിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കാനാകുമെന്ന പ്രതീക്ഷയിൽ കുടുംബം പച്ച്പത്രയിലെ ബാങ്കിലെത്തി. എന്നാൽ ബാങ്ക് അധികൃതർ നോട്ടുകൾ മാറ്റി നൽകാൻ തയ്യാറായില്ല. പകരം ജയ്പൂരിലെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാനാണ് നിർദേശം നൽകിയത്.
അതേസമയം, ചിതലുകൾ തിന്ന് നശിച്ച നോട്ടുകൾ കൈയിൽ പിടിച്ച് മംഗിലാൽ കണ്ണീരോടെ പ്രതികരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വൈറലായി. ഭാര്യ അറിയാതെ സൂക്ഷിച്ച പണം, മറന്നുപോയ കുഴി, ഒരു വർഷത്തെ തിരച്ചിൽ, ഒടുവിൽ ട്രാക്ടർ ഉഴുതപ്പോൾ പുറത്തുവന്ന നശിച്ച നോട്ടുകൾ—അപ്രതീക്ഷിതമായ ഈ സംഭവമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.
അഞ്ച് ലക്ഷം രൂപയിലൂടെ ഒരു വീട് പണിയാനുള്ള കർഷകന്റെ സ്വപ്നമാണ് ഒടുവിൽ സ്വയം കൃതാനർത്ഥം കൊണ്ട് മണ്ണിനടിയിൽ തന്നെ ചിതലുകൾ തിന്നുതീർത്തത്.















