‘സത്യം സത്യമല്ലാതാകില്ല’; ചരിത്ര സത്യം തുറന്നു കാണിച്ച് കോൺഗ്രസ് നേതാവ്; വീര സവർക്കറെക്കുറിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പങ്കുവെച്ച് ഡിസിസി വൈസ് പ്രസിഡന്റെ്

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: വീര സവർക്കറെക്കുറിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കോൺഗ്രസ് നേതാവ്. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. ബാബു മോഹൻ കുറുപ്പാണ് പോസ്റ്റ് പങ്കുവെച്ചത്. ‘പലർക്കും സവർക്കറോട് വിയോജിപ്പും എതിർപ്പുമൊക്കെയുണ്ടാകാം. പക്ഷേ അതുകൊണ്ട് സത്യം സത്യമല്ലാതാകില്ലല്ലോ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സ്കൂൾ ചോദ്യപേപ്പറിൽ വീര സവർക്കറെക്കുറിച്ച് ചോദിച്ച ചോദ്യത്തിലും നൽകിയ ഉത്തരത്തിലും തെറ്റില്ലെന്നും, ഇതിന്റെ പേരിൽ സസ്പെൻഷൻ നേരിട്ട അധ്യാപകൻ ധൈര്യമായി കോടതിയെ സമീപിക്കണമെന്നും ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോസ്റ്റാണ് കോൺഗ്രസ് നേതാവ് പങ്കുവെച്ചിരിക്കുന്നത്.

മലബാറിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളും പാർട്ടിയിലെ അറിയപ്പെടുന്ന ബുദ്ധിജീവിയുമായ അഡ്വ. ബാബു മോഹൻ കുറുപ്പിന്റെ നിലപാട് ഇതിനോടകം രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വീര സവർക്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാവിന്റെ ഈ പരസ്യ നിലപാട് പാർട്ടിക്കുള്ളിലും പുറത്തും ശ്രദ്ധേയമാകുകയാണ്.

Share