തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും പുലർച്ചെ മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ആലുവ മണപ്പുറത്ത് പുലർച്ചെ നാലുമണി മുതലാണ് കർമങ്ങൾ ആരംഭിച്ചത്. ബലിതർപ്പണത്തിനായി ഇന്നലെ വൈകിട്ട് മുതൽ തന്നെ ഭക്തർ മണപ്പുറത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. പുലർച്ചെയോടെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പിതൃമോക്ഷം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിശ്വാസികൾ ആലുവ മണപ്പുറത്ത് എത്തിയത്.
മരിച്ചുപോയ പിതൃക്കൾക്കായി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുക്കളോ നടത്തുന്ന കർമ്മമാണ് ബലിതർപ്പണം. ബലി അർപ്പിക്കുന്നതിലൂടെ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ദർഭ, എള്ള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം, വാഴയില, ജലം തുടങ്ങിയവയാണ് പ്രധാനമായും ബലികർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്.
ആലുവ മണപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവിടങ്ങളിലാണ് പ്രധാനമായും കർക്കടക വാവ് ബലിതർപ്പണം നടക്കുന്നത്.
ഇതിന് പുറമെ സംസ്ഥാനത്തെ വിവിധ ചെറുക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും ഇന്ന് ബലിതർപ്പണം നടക്കുന്നുണ്ട്. സുരക്ഷയും തിരക്ക് നിയന്ത്രിക്കലും ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.