തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ. ഹെൽമെറ്റില്ലാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സംഭവത്തിൽ പരാതി നൽകിയിട്ടും മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയതായി രേഖകളില്ലെന്നാണ് തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ വിവരാവകാശ മറുപടി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്കാണ് തിരുവനന്തപുരം ആർടിഒ മറുപടി നൽകിയത്. ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്ത മുൻ മന്ത്രിക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും തുടർന്ന് പിഴ ചുമത്തിയിട്ടില്ലെന്നാണ് ആർടിഒയുടെ മറുപടിയിൽ വ്യക്തമാകുന്നത്.
2026 ജൂലൈ ഒന്നിനാണ് സംഭവം വിവാദമായത്. രാവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരം വസതിയിലെത്തിയ കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിൽ മടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഹെൽമെറ്റ് എവിടെ എന്ന ചോദ്യം ഉയർന്നത്. ദൃശ്യങ്ങളിൽ കടകംപള്ളി ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സംഭവം വലിയ രാഷ്‌ട്രീയ വിവാദമാവുകയും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാവുകയും ചെയ്തിരുന്നു.
തുടർന്ന് ഹെൽമെറ്റില്ലാതെയുള്ള യാത്രയ്‌ക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതിയും ലഭിച്ചിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പിഴ ഈടാക്കിയില്ലെന്നാണ് ഇപ്പോൾ വിവരാവകാശ രേഖയിലൂടെ പുറത്തുവരുന്നത്. സാധാരണ വാഹന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന സാഹചര്യത്തിൽ മുൻ മന്ത്രിയുടെ കാര്യത്തിൽ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.