ജവാന്‍ റമ്മിന് ‘മുന്‍ഗണന’; കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. കേരള ബിവറേജസ് കോര്‍പ്പറേഷനും ജവാന്‍ റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

സ്വകാര്യ ബ്രാന്‍ഡുകളെ മറികടന്ന് ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. ബെവ്‌കോയുടെ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുകയാണെന്നും കോണ്‍ഫെഡറേഷന്‍ ആരോപിക്കുന്നു. അതേസമയം, സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും (സിസിഐ) എന്‍സിഎല്‍എടിയും നേരത്തെ സ്വീകരിച്ചത്. ഈ നിലപാട് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ കേരള ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിനും കോടതി നോട്ടീസ് നല്‍കി.

Share