700 ദിവസം, 700 ശ്ലോകങ്ങൾ; സമ്പൂർണ്ണ ഭഗവദ്ഗീതാ പഠനത്തിന് തൃക്കാക്കര ഗീതാ സ്വാദ്ധ്യായ സമിതിയുടെ ഓൺലൈൻ യജ്ഞം, ചിങ്ങം ഒന്നിന് തുടക്കം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ശ്രീമദ് ഭഗവദ്ഗീതയുടെ സമഗ്രമായ പഠനം ലക്ഷ്യമിട്ട് തൃക്കാക്കര ഗീതാ സ്വാദ്ധ്യായ സമിതി 700 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ യജ്ഞത്തിന് തുടക്കമിടുന്നു. ചിങ്ങം ഒന്നിന് ആരംഭിക്കുന്ന പരിപാടിയിൽ ദിവസവും ഓരോ ശ്ലോകം വീതം പഠിച്ച് ഭഗവദ്ഗീതയുടെ മുഴുവൻ അധ്യായങ്ങളും ഘട്ടംഘട്ടമായി പരിചയപ്പെടുന്നതിനാണ് അവസരം ഒരുക്കുന്നത്.

ശ്ലോകങ്ങൾ കേവലം ചൊല്ലിപ്പഠിക്കുന്നതിൽ ഒതുങ്ങാതെ അവയുടെ അർഥവും ആശയവും ജീവിതവുമായി ബന്ധപ്പെട്ട പ്രസക്തിയും മനസ്സിലാക്കുന്ന രീതിയിലാണ് പഠനപരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും ഒരു ശ്ലോകം എന്ന ക്രമത്തിൽ മുന്നോട്ടുപോകുന്നതിനാൽ 700 ദിവസത്തിനുള്ളിൽ ഭഗവദ്ഗീതയുടെ സമഗ്രമായ പരിചയം നേടാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ശ്ലോകപാരായണത്തിനൊപ്പം വിശദമായ അർഥവിവരണങ്ങളും വ്യാഖ്യാനങ്ങളും സത്സംഗ പരിപാടികളും ഓൺലൈൻ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. ഗീതയെ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിരമായി പിന്തുടരാൻ കഴിയുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഓൺലൈൻ ഗ്രൂപ്പുകളും ഒരുക്കിയിട്ടുണ്ട്. പ്രായത്തിനും പഠനനിലവാരത്തിനും അനുസരിച്ചുള്ള രീതിയിൽ ഗീതാപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഗ്രൂപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഭഗവത് ഗീതാ ആചാര്യ ശ്രീമതി വിജയലക്ഷ്മി അമ്മയാണ് 700 ദിവസം നീണ്ടുനിൽക്കുന്ന ഈ ഗീതാ സ്വാദ്ധ്യായ യജ്ഞത്തിന് നേതൃത്വം നൽകുന്നത്. ഗീതയുടെ ശ്ലോകങ്ങൾ പഠിക്കുന്നതിനൊപ്പം അവയുടെ ആന്തരികമായ ആശയങ്ങളും ആത്മീയമായ തലങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ഒരു കൂട്ടായ പഠനാനുഭവമാണ് സമിതി ലക്ഷ്യമിടുന്നത്.

ഓൺലൈൻ യജ്ഞത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തൃക്കാക്കര ഗീതാ സ്വാദ്ധ്യായ സമിതി സ്വാഗതം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഒരുക്കിയിട്ടുള്ള ഗ്രൂപ്പുകളിൽ ചേരുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വിബിതാ വിജയകുമാർ – 94008 20561 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share