പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; രോഹൻ കുന്നുമ്മലിന് കീഴിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്, ലക്ഷ്യം കന്നിക്കിരീടം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: രണ്ട് സീസണുകൾ, രണ്ട് മികച്ച മുന്നേറ്റങ്ങൾ… പക്ഷേ കിരീടം മാത്രം കാലിക്കറ്റിന്റെ കൈകളിൽ എത്തിയില്ല. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്ക് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ഇറങ്ങുമ്പോൾ ഇത്തവണ ലക്ഷ്യം ഒന്ന് മാത്രം — ആദ്യ കിരീടം. കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ പുറത്തായ ടീം, അനുഭവസമ്പന്നരായ താരങ്ങളെയും യുവപ്രതിഭകളെയും ഒരുമിപ്പിച്ചാണ് ഇത്തവണ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

ആദ്യ സീസണിൽ ഫൈനലിലെത്തിയ കാലിക്കറ്റ് രണ്ടാം സീസണിൽ സെമി ഫൈനലിലാണ് പുറത്തായത്. തുടർച്ചയായ മികച്ച പ്രകടനങ്ങൾ ടീമിന്റെ കരുത്ത് വ്യക്തമാക്കിയെങ്കിലും അവസാന ചുവട് മാത്രം അകലെയായിരുന്നു. മലബാറിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശവും പിന്തുണയും കരുത്താക്കി ആ അവസാന ചുവടും ഇത്തവണ മറികടക്കാനാണ് ഗ്ലോബ്‌സ്റ്റാർസിന്റെ പടയൊരുക്കം.

ടീമിന്റെ നായകസ്ഥാനം രോഹൻ കുന്നുമ്മലിനാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന റൺസ് വേട്ടക്കാരനായ രോഹൻ 337 റൺസുമായി ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. സൽമാൻ നിസാറും അഖിൽ സ്കറിയയും ഉൾപ്പെടുന്ന ടീമിന്റെ പ്രധാന കോർ ഇത്തവണയും നിലനിർത്തിയിട്ടുണ്ട്.

രോഹന്റെ വെടിക്കെട്ട് തുടക്കം

ഏത് മികച്ച ബൗളിങ് നിരയ്‌ക്കെതിരെയും അതിവേഗം റൺസ് കണ്ടെത്താൻ ശേഷിയുള്ള ഓപ്പണറാണ് രോഹൻ കുന്നുമ്മൽ. രോഹൻ നൽകുന്ന അതിവേഗ തുടക്കത്തിന് പിന്നാലെ മധ്യനിരയിൽ സൽമാൻ നിസാറും അഖിൽ സ്കറിയയും ഇന്നിങ്സിന് സ്ഥിരതയും കരുത്തും നൽകും.

കഴിഞ്ഞ സീസണിൽ സൽമാൻ നിസാർ വെറും ആറ് ഇന്നിങ്സുകളിൽ 296 റൺസ് നേടിയതും 193.46 എന്ന അസാധാരണ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തതും ഗ്ലോബ്‌സ്റ്റാർസിന്റെ ബാറ്റിങ് കരുത്ത് വ്യക്തമാക്കുന്നു.

ഇവർക്കൊപ്പം വരുൺ നയനാർ, മുഹമ്മദ് കൈഫ്, അബ്ദുൾ ബാസിത് എന്നിവരും എത്തുന്നതോടെ ബാറ്റിങ് നിരയ്‌ക്ക് കൂടുതൽ ആഴം ലഭിക്കുന്നു. അവസാന ഓവറുകളിൽ മത്സരത്തിന്റെ ഗതി മാറ്റാൻ കൃഷ്ണദേവൻ ഫിനിഷറുടെ റോളിലുമുണ്ടാകും.

അഖിൽ സ്കറിയ മുതൽ അബ്ദുൾ ബാസിത് വരെ

ഗ്ലോബ്‌സ്റ്റാർസിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് ഓൾറൗണ്ട് നിരയാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാൻ ശേഷിയുള്ള അഖിൽ സ്കറിയയും അബ്ദുൾ ബാസിതും ടീമിന്റെ നിർണായക താരങ്ങളാണ്.

കഴിഞ്ഞ സീസണിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായിരുന്നു അഖിൽ സ്കറിയ. ആദ്യ രണ്ട് സീസണുകളിലുമായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായും അഖിൽ ശ്രദ്ധേയനാണ്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന അബ്ദുൾ ബാസിത് ഇത്തവണ ട്രിവാൻഡ്രം റോയൽസിൽ നിന്നാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിലെത്തുന്നത്. പുതിയ സീസണിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ബാസിതിന്റെ സാന്നിധ്യം ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

പേസിൽ വേഗം, സ്പിന്നിൽ വൈവിധ്യം

വേഗവും കൃത്യതയും ഒരുപോലെ ആയുധമാക്കുന്ന പേസ് ബൗളിങ് നിരയാണ് കാലിക്കറ്റിന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലുണ്ടായിരുന്ന അഖിൽ സ്കറിയ തന്നെയാണ് പ്രധാന ബൗളിങ് ആയുധം.

ബാറ്റർമാരെ വേഗം കൊണ്ട് സമ്മർദത്തിലാക്കാൻ അഖിൻ സത്താറും ഇബ്നുൽ അഫ്താബും ഉണ്ടാകും. ഇവർക്കൊപ്പം വിഘ്നേഷ് പുത്തൂർ, ഹരികൃഷ്ണൻ, അഫ്രാദ് എന്നിവരടങ്ങുന്ന സ്പിൻ സഖ്യം കൂടിയെത്തുമ്പോൾ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന വൈവിധ്യമാർന്ന ബൗളിങ് ലൈനപ്പാണ് ടീമിനുള്ളത്.

2026ലെ ലേലത്തിൽ മുൻ മുംബൈ ഇന്ത്യൻസ് ഇടംകൈ സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ കാലിക്കറ്റ് സ്വന്തമാക്കിയതും ശ്രദ്ധേയ നീക്കമായിരുന്നു.

ബിജുമോന്റെ തന്ത്രങ്ങളിൽ പ്രതീക്ഷ

ടീമിന്റെ മുഖ്യപരിശീലകൻ ബിജുമോനാണ്. ഡേവിഡ് ചെറിയാൻ അസിസ്റ്റന്റ് കോച്ചായും സുമേഷ് എം.എസ്. ഫീൽഡിങ് കോച്ചായും ഹരി ആർ. വാര്യർ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായും പ്രവർത്തിക്കും.

രാകേഷ് ബി. മേനോൻ പെർഫോമൻസ് അനലിസ്റ്റ്, ഷോൺ ആന്റണി ടീം ഫിസിയോ, വിഷ്ണുദാസ് ടീം മാനേജർ, യു. അച്യുതൻ ടീം മെന്റർ എന്നീ നിലകളിൽ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമാകും. സഞ്ജു മുഹമ്മദാണ് ടീം ഉടമ.

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ടീം

രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സൽമാൻ നിസാർ, അഖിൽ സ്കറിയ, വിഘ്നേഷ് പുത്തൂർ, വരുൺ നയനാർ, അഖിൻ സത്താർ, അബ്ദുൾ ബാസിത്, ഹരികൃഷ്ണൻ എം.യു., അശ്വിൻ ആനന്ദ്, മുഹമ്മദ് കൈഫ്, അരവിന്ദ് കെ.എസ്., കൃഷ്ണദേവൻ, അഫ്രാദ് എൻ., ഇബ്നുൽ അഫ്താബ്, റഹാൻ റഹീം, ആതിഫ് ബിൻ അഷ്റഫ് എന്നിവരാണ് ടീമംഗങ്ങൾ.

കഴിഞ്ഞ രണ്ട് സീസണുകളിൽ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് മലബാറിന്റെ ഈ പടക്കുതിരകൾ. രോഹന്റെ ബാറ്റിങ് വെടിക്കെട്ടും സൽമാന്റെ മധ്യനിര കരുത്തും അഖിൽ സ്കറിയയുടെ ഓൾറൗണ്ട് മികവും പുതിയ താരങ്ങളുടെ ഊർജവും ഒരുമിച്ചാൽ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് കിരീടത്തിനുള്ള പ്രധാന അവകാശികളിലൊരാളായി മാറും.

Share