കൊച്ചി: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചെന്നും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി എംഎൽഎ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ആർ. മഹേഷും കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്‌സൺ ജെയിംസുമാണ് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
വാഹനം ഓടിക്കുന്നതിനിടെ ജെയ്‌സൺ ജെയിംസ് തന്നെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഡ്രൈവർ സീറ്റിലിരുന്ന ജെയ്‌സണും മുൻസീറ്റിലുണ്ടായിരുന്ന സി.ആർ. മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഏകദേശം 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സിനിമാ ഗാനത്തിന്റെ പശ്ചാത്തല സംഗീതം ചേർത്താണ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീൽസായി പോസ്റ്റ് ചെയ്തത്.
ജനപ്രതിനിധിയും ഭരണഘടനാ പദവിയിലുള്ള വ്യക്തിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ഉൾപ്പെട്ട നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. വിവാദം ശക്തമായതോടെ ജെയ്‌സൺ ജെയിംസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. എന്നാൽ അതിനകം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ സി.ആർ. മഹേഷ്, “സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരു പിഴവ് ഉണ്ടായി. ഞാൻ ഖേദം പ്രകടിപ്പിക്കുന്നു” എന്ന് വ്യക്തമാക്കി. പലർക്കും അറിഞ്ഞോ അറിയാതെയോ ട്രാഫിക് നിയമങ്ങളിൽ പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ പോകുന്ന വഴിയിലാണ് സംഭവം നടന്നതെന്ന് ഓർക്കുന്നതായും എംഎൽഎ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട പിഴകൾ അടച്ചതായാണ് തന്റെ ഓർമ്മയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പിഴ അടച്ചിട്ടില്ലെങ്കിൽ അത് അടയ്‌ക്കുമെന്നും തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സി.ആർ. മഹേഷ് അറിയിച്ചു. വിഷ്വൽ മാധ്യമങ്ങളിൽ സംഭവം വാർത്തയായതിനെ തുടർന്നാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായും എംഎൽഎ വ്യക്തമാക്കി.