ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായി തിളങ്ങിയതോടെയാണ് ഹെയ്സല്‍വുഡ് 300 വിക്കറ്റ് ക്ലബ്ബിലെത്തിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് നേടുന്ന ഒന്‍പതാമത്തെ ഓസ്‌ട്രേലിയന്‍ ബൗളറായും താരം മാറി.
ഹെയ്സല്‍വുഡിന്റെ നേട്ടത്തിനൊപ്പം ഡാര്‍വിന്‍ ടെസ്റ്റ് മറ്റൊരു അപൂര്‍വ ചരിത്രത്തിനും സാക്ഷിയായി. ടെസ്റ്റ് ക്രിക്കറ്റില്‍ 300-ലേറെ വിക്കറ്റുകള്‍ നേടിയ നാല് ബൗളര്‍മാര്‍ ഒരേ മത്സരത്തില്‍ ഒരുമിച്ച് കളിക്കുന്ന അപൂര്‍വ കാഴ്ചയാണ് ഡാര്‍വിനില്‍ കണ്ടത്. നതാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരാണ് ഈ ചരിത്ര കൂട്ടായ്മയിലെ നാല് താരങ്ങള്‍.
ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായാണ്. നതാന്‍ ലിയോണ്‍ ടെസ്റ്റ് കരിയറില്‍ 568 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ സ്പിന്‍ കരുത്തായി തുടരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് 435 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. പാറ്റ് കമ്മിന്‍സിന് 317 വിക്കറ്റുകളുണ്ട്. ഹെയ്സല്‍വുഡ് 300 പിന്നിട്ട് നിലവില്‍ 301 വിക്കറ്റിലെത്തി.
അതേസമയം, ഹെയ്സല്‍വുഡിന്റെ വ്യക്തിഗത നേട്ടത്തിനിടയിലും മത്സരത്തില്‍ മേല്‍ക്കൈ നേടിയത് ബംഗ്ലാദേശാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 198 റണ്‍സില്‍ അവസാനിപ്പിച്ച ബംഗ്ലാദേശ് മറുപടി ഇന്നിങ്‌സില്‍ 426 റണ്‍സ് അടിച്ചുകൂട്ടി. ഇതോടെ 228 റണ്‍സിന്റെ കൂറ്റന്‍ ലീഡും സ്വന്തമാക്കി. ഓപ്പണര്‍ തന്‍സിദ് ഹസന്റെ ചരിത്ര സെഞ്ച്വറിയാണ് ബംഗ്ലാദേശിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയായത്. 197 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 101 റണ്‍സാണ് താരം നേടിയത്.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന ചരിത്രനേട്ടവും തന്‍സിദ് സ്വന്തമാക്കി. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും മെഹ്ദി ഹസന്‍ മിറാസും നേടിയ അര്‍ധസെഞ്ച്വറികളും ബംഗ്ലാദേശിന്റെ ലീഡ് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും മത്സരത്തില്‍ നിര്‍ണായകമായി. അഞ്ച് ക്യാച്ചുകള്‍ കൈവിട്ടത് ഓസീസിന് കനത്ത തിരിച്ചടിയായി. ഹെയ്സല്‍വുഡിന്റെ 300-ാം വിക്കറ്റിന് ചരിത്രമധുരമുണ്ടായെങ്കിലും ബംഗ്ലാദേശിന്റെ ബാറ്റിങ് മികവിന് മുന്നില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ പ്രതിരോധത്തിലാണ്.