ഗാള്‍: ടെസ്റ്റ് അരങ്ങേറ്റത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ദേവ്ദത്ത് പടിക്കല്‍ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 230 പന്തില്‍ 163 റണ്‍സ് നേടിയ പടിക്കല്‍ ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. 2024 മാര്‍ച്ചില്‍ ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പടിക്കലിന്റെ ടെസ്റ്റ് അരങ്ങേറ്റം. അതേ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെയും താരം കളത്തിലിറങ്ങി. ഇതുവരെ ആകെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പടിക്കലിന് ലഭിച്ചത്. മൂന്നാം അവസരത്തിലാണ് താരം കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്.
ഈ സെഞ്ചുറിയോടെ ടെസ്റ്റില്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറി നേടുന്ന എട്ടാമത്തെ താരമായി പടിക്കല്‍ മാറി. സലിം ദുറാനി, ബാപു നദ്കര്‍ണി, അജിത് വഡേക്കര്‍, എക്‌നാഥ് സോള്‍ക്കര്‍, സുരീന്ദര്‍ അമര്‍നാഥ്, വിനോദ് കാംബ്ലി, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. 2002ല്‍ ഡല്‍ഹിയില്‍ സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റില്‍ 136 റണ്‍സ് നേടിയ സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറില്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും പടിക്കലിന് സ്വന്തമായി.
സ്വാതന്ത്ര്യദിനത്തില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടവും പടിക്കലിനെ തേടിയെത്തി. വിരാട് കോഹ്ലിയാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ താരം. കഴിഞ്ഞയാഴ്ച ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും പടിക്കല്‍ സെഞ്ചുറി നേടിയിരുന്നു. സായ് സുദര്‍ശന്‍ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായതോടെയാണ് പടിക്കലിന് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ വണ്‍ഡൗണായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.















