തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ആവേശം പകരുന്ന വൻ പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഈ വർഷത്തെ ഓണാഘോഷം നടക്കുന്ന ആഗസ്റ്റ് 21-ന് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി ഉത്തരവിറക്കി. അന്നേ ദിവസം കുട്ടികൾക്ക് അവരുടെ ആഗ്രഹപ്രകാരം യൂണിഫോം അല്ലാത്ത ഏത് വസ്ത്രങ്ങളും ധരിച്ച് ആഘോഷങ്ങളിൽ പങ്കുചേരാവുന്നതാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
“ഓണം കളറാക്കിക്കോളീൻ മക്കളെ… സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21-ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങൾ ധരിക്കാനുള്ള നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി” എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ ഓണാഘോഷ ദിനമായ ഓഗസ്റ്റ് 21-ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചതായി സർക്കാർ അറിയിച്ചിരുന്നു. ഓണാഘോഷ പരിപാടികൾ നടക്കുന്ന അതേ ദിവസം തന്നെ പരീക്ഷ നടത്തുന്നതിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പരീക്ഷ മാറ്റാൻ തീരുമാനമായത്. മാറ്റിവെച്ച എട്ടാം ക്ലാസ് പരീക്ഷ ഇനി ഓണാവധിക്ക് ശേഷമായിരിക്കും നടക്കുക. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് പൂർണ്ണ മനസ്സോടെ ആഘോഷങ്ങളിൽ പങ്കാളികളാകാൻ സാധിക്കും.
സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് ഓഗസ്റ്റ് 20-ന് അവസാനിക്കും. തുടർന്ന് 21-ന് ആഘോഷങ്ങൾ പൂർത്തിയാക്കി സ്‌കൂളുകൾ ഓണാവധിക്കായി അടയ്‌ക്കും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണത്തെ സർക്കാർ ഓണാവധി. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം 9 ദിവസത്തെ ഓണാവധിയാണ് വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത്. ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31-ന് സ്‌കൂളുകൾ പുനരാരംഭിക്കും.