പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് മുഖ്യ അതിഥിയായി പങ്കെടുക്കേണ്ട ക്യാമ്പസ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. പാലയാട് ക്യാമ്പസ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഷീ ഫെസ്റ്റ്’ (She Fest) പരിപാടിക്കാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹി ജന്തർമന്തർ സമരങ്ങളിലൂടെ വിവാദ നായികയായി മാറിയ ഐഷി ഘോഷിനെയായിരുന്നു ഷീ ഫെസ്റ്റിൽ മുഖ്യ അതിഥിയായി സംഘാടകർ നിശ്ചയിച്ചിരുന്നത്.

പരിപാടി നടത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന സെമിനാർ ഹാൾ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടർ സംഘാടകരെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പരിപാടി സംഘടിപ്പിക്കുന്നതിന് വിസിയുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി നിർബന്ധമായും വേണമെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ നിലപാട്. ഇതിന് പുറമെ ക്യാമ്പസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, കൊടി-തോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഡയറക്ടർ സംഘാടകർക്ക് നിർദേശം നൽകി.

എന്നാൽ, വൈസ് ചാൻസലറുടെ തീരുമാനത്തിന് വഴങ്ങില്ലെന്നും വിലക്ക് മറികടന്ന് ഷീ ഫെസ്റ്റുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ നേതൃത്വം നൽകുന്ന പാലയാട് ക്യാമ്പസ് യൂണിയൻ വ്യക്തമാക്കി. ഇതോടെ സർവകലാശാലാ ഭരണകൂടവും വിദ്യാർത്ഥികളും തമ്മിൽ കടുത്ത പോരിനാണ് വഴിതുറന്നിരിക്കുന്നത്.

അതേസമയം വിഷയം വലിയ വിവാദമായതോടെ സർവകലാശാല ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. മുൻകൂട്ടി അനുമതി വാങ്ങാത്ത ഒരു പരിപാടിക്കും സർവകലാശാല ഹാളുകളോ സൗകര്യങ്ങളോ വിട്ടുനൽകാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. സർവകലാശാലയോട് യൂണിയൻ കൃത്യസമയത്ത് അനുവാദം ചോദിച്ചിരുന്നില്ലെന്നും, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ 10.59-നാണ് അനുവാദം ചോദിച്ചുകൊണ്ടുള്ള മെയിൽ ലഭിച്ചതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ബലം പ്രയോഗിച്ച് പരിപാടി തടസ്സപ്പെടുത്താൻ സർവകലാശാല തയ്യാറാകില്ലെങ്കിലും, വിലക്ക് ലംഘിച്ച് പരിപാടി നടത്തിയാൽ സംഘാടകരോടും പങ്കെടുത്ത വിദ്യാർത്ഥികളോടും ഔദ്യോഗികമായി വിശദീകരണം തേടുമെന്ന് സർവകലാശാല നിലപാടറിയിച്ചിട്ടുണ്ട്.

Share