കൊല്ലം: കരുനാഗപ്പള്ളിയിൽ ശനിയാഴ്ച മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കായലിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്‌ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനായ 12 വയസ്സുകാരൻ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്നും പോലീസ് മുങ്ങിെയടുത്തത്. രണ്ടു ദിവസമായി പോലീസും ഫയർഫോഴ്സും പ്രദേശവാസികളും നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച രാവിലെ നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ഈ ദുരന്തവാർത്ത പുറത്തുവരുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് കളിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ ബിലാലിനെ കാണാതാകുന്നത്. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാൻ പോയ കുട്ടി നേരം വൈകിയിട്ടും തിരികെ വീട്ടിലെത്തിയില്ല. ഇതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ പരിസര പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ തുടങ്ങി. തിരച്ചിലിനിടെ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും ബിലാൽ സഞ്ചരിച്ച സൈക്കിളും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടി കായലിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് കുടുംബം ഉടൻതന്നെ കരുനാഗപ്പള്ളി പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സും കൊല്ലത്തുനിന്നെത്തിയ പ്രത്യേക സ്കൂബാ ടീമും നാട്ടുകാരായ മുങ്ങൽ വിദഗ്ധരും ചേർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച മുഴുവനും കന്നേറ്റി കായലിൽ അടിയൊഴുക്കുള്ള ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ഒടുവിൽ തിങ്കളാഴ്ച രാവിലെ തുടർന്ന തിരച്ചിലിലാണ് കൊതുമുക്ക് പാലത്തിന് അടിയിലെ വെള്ളത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ഉടൻതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.